
ഇടുക്കി: മൂന്നാറിൽ ബോംബ് ഭീഷണി മുഴക്കിയ ഡൽഹി സ്വദേശി പിടിയിൽ. മൈസൂറിൽ സമാനമായ കേസിൽ അറസ്റ്റിലായ ഖാലിദ് എന്ന നിധിൻ ശർമ്മയാണ് മൂന്നാർ പൊലീസിന്‍റെ പിടിയിലായത്. മോഷ്ടിച്ച ഫോണിൽ നിന്നും മൂന്നാർ പൊലീസിന് ബോംബ് ഭീഷണി മുഴക്കി ഇയാൾ മെയിൽ അയക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 30 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മൂന്നാറിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ബോംബ് വെച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച് ഖാലിദ് പൊലീസിന് മെയിൽ അയക്കുകയിരുന്നു.
ഇ-മെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാറിലെ വിവിധ മേഖലകളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനയും നടത്തി. എന്നാൽ ബോംബ് കണ്ടെത്താനായില്ല. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർ അന്വേഷണം നടത്തി വരികെയാണ് മൈസൂർ ലദർബാഗ് പൊലീസ് സ്റ്റേഷനിൽ സമാനമായ കേസിൽ ഇയാൾ അറസ്റ്റിൽ ആയ വിവരം അറിയുന്നത്. കേരളത്തിലും നോർത്ത് ഇന്ത്യയിലെ വിവിധ മേഖലകളിലും ഇയാൾക്ക് എതിരെ സമാനമായ കേസുകൾ ഉണ്ട്. 2017 ഇൽ എറണാകുളം ലുലു മാളിൽ ബോംബ് വെയ്ക്കുമെന്ന് ഭീഷണിപെടുത്തിയ കേസിൽ ഇയാൾ അറസ്റ്റിൽ ആവുകയും ജയിൽ ശിക്ഷ അനുഭവിയ്ക്കുകയും ചെയ്തിരുന്നു.
വിവിധ മേഖലകളിൽ നിന്നും മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഇയാൾ ഭീഷണി മുഴക്കിയിരുന്നത്. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് തീഹാർ ജയിലിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ മൂന്നാർ പോലിസ് കസ്റ്റഡിയിൽ വാങ്ങി. സ്ഥിരമായി ബോംബ് ഭീഷണി മുഴക്കുന്ന ഇയാൾക്ക് പിന്നിൽ മറ്റ് കൂട്ടാളികൾ ഉണ്ടോ എന്നും അന്വേഷിക്കും. ഇടുക്കി എസ്പി ടി കെ വിഷ്ണു പ്രദീപിന്റെ നിർദ്ദേശപ്രകാരം മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ ദേവികുളം എസ് എച്ച് ഓ നോബിൾ പി ജെ . മൂന്നാർ എസ് ഐ നിസാർ എം കെ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam