
തിരുവനന്തപുരം: 20 വർഷം ജീവന്‍റെ കാവലാളായി ജോലിചെയ്ത് ജയലക്ഷ്മി എന്ന നെഴ്‌സ് ഇന്ന് തെരുവിൽ അലഞ്ഞു നടക്കേണ്ട അവസ്ഥയിലാണ്. ഭാര്യക്ക് മനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പുറത്തറിഞ്ഞാൽ നാണകേടാണെന്നു ഭർത്താവ്. കൊച്ചുമക്കളെ പോലും കാണാൻ കഴിയാതെ മനസികാസ്വാസ്ഥ്യം എന്ന മുദ്ര കുത്തി ജയലക്ഷ്മിയെ തിരിഞ്ഞു നോക്കാതെ മക്കൾ. ഇവര്‍ക്കൊക്കെ പ്രശ്നം ഉണ്ടാകുമെന്ന ഭയത്തിലാണ് ജയലക്ഷ്മി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്താത്തത്.
വെങ്ങാനൂർ മുട്ടക്കാട് കടവിന്മൂല സ്വദേശിനി ജയലക്ഷ്മി (55) യാണ് ഭർത്താവും മക്കളും ഉണ്ടായിട്ടും ദുരിതങ്ങൾ സഹിക്കുന്നത്. ജയലക്ഷ്മിയുടെ മകൾ ചാക്കയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നെഴ്സിങ് അധ്യാപികയാണ്. മകൻ ആകട്ടെ ബിരുദധാരിയും. ജയലക്ഷ്മിയുടെ ഭർത്താവ് ആയുർവേദ വൈദ്യരുടെ സഹായി ആയിട്ട് ജോലി ചെയ്യുന്നു.
20 വർഷത്തോളം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നെഴ്‌സ് ആയി ജോലി ചെയ്തിരുന്ന ജയലക്ഷ്മി മകളുടെ വിവാഹത്തോടെ ഒറ്റപ്പെടുകയായിരുന്നു. ജയലക്ഷ്മിയുടെ സഹോദരന്റെ മകനെയാണ് മകൾ കല്യാണം കഴിച്ചത്. മകളും മരുമകനും ചെറുമകളുമായി ജയലക്ഷ്മിയുടെ വീടിന് സമീപത്താണ് താമസമെങ്കിലും ജയലക്ഷ്മിയുടെ കാര്യങ്ങൾ ഇവർ അന്വേഷിക്കാനോ അങ്ങോട്ടേക്ക് ചെല്ലാനോ കൂട്ടാക്കുന്നില്ല എന്ന് പറയുന്നു.
കൊച്ചുമക്കളെ കാണാൻ പറ്റാതെ വന്നതോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയ ജയലക്ഷ്മി ഇപ്പോൾ കൊച്ചുമക്കളെ കാണാൻ റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്ഥിതിയിൽ ആണ്. ഇത് ശ്രദ്ധയിൽപെടുന്ന നാട്ടുകാരിൽ ആരെങ്കിലും ജയലക്ഷ്മിയെ അനുനയിപ്പിച്ചു തിരികെ വീട്ടിലെത്തിക്കും. ജയലക്ഷ്മിക്ക് വേണ്ട ചികിത്സ നല്കുന്നതിനോ പരിചരണം നൽകുന്നതിനോ മക്കളും ഭർത്താവും തയാറാകുന്നില്ല എന്ന് വാർഡ് മെമ്പർ ജയകുമാരി പറയുന്നു. താൻ കാരണം മക്കളെയും ഭർത്താവിനെയും പ്രശ്നങ്ങളിൽ പെടുത്താൻ വയ്യാത്തത് കൊണ്ടാണ് പരാതി നൽകാത്തതെന്ന് ജയലക്ഷ്മി പറയുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. എത്രയുംവേഗം ജയലക്ഷ്മിയെ ആശുപത്രിയിലേക്ക് മാറ്റി മതിയായ ചികിത്സ നൽകണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam