രണ്ട് വർഷത്തോളം ആലപ്പുഴ കോടതിയിൽ പ്രാക്ടീസ്, വ്യാജ അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിയുമായി, ഒടുവിൽ കീഴടങ്ങി

Published : Apr 25, 2023, 04:15 PM IST
രണ്ട് വർഷത്തോളം ആലപ്പുഴ കോടതിയിൽ പ്രാക്ടീസ്, വ്യാജ അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിയുമായി, ഒടുവിൽ കീഴടങ്ങി

Synopsis

വ്യാജ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ  സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങി. 

ആലപ്പുഴ: വ്യാജ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ  സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങി. മാസങ്ങള്‍ക്കൊടുവിലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വ്യാജ രേഖകള്‍ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതിനാണ് സെസി സേവ്യര്‍ക്കെതിരെ കേസെടുത്തത്. എല്‍ എല്‍ ബി പാസാകാത്ത സെസി സേവ്യര്‍ വ്യാജ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചുകൊണ്ടാണ് പ്രാക്ടീസ് നടത്തിയിരുന്നത്. 

ഇത് കണ്ടെത്തിയ ബാര്‍ അസോസിയേഷന്‍ സെസിയെ പുറത്താക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് സെസി പ്രാക്ടീസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സെസി ഒളിവില്‍ പോയി. പിന്നീട് ആലപ്പുഴ സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്നറിഞ്ഞതോടെ ഹാജരാകാതെ മുങ്ങുകയായിരുന്നു. 

തുടർന്ന് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. പൊതുസമൂഹത്തെയും നീതിന്യായ വ്യവസ്ഥയെയും വഞ്ചിച്ച സെസി സേവ്യർ, അടിയന്തരമായി കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. മറ്റൊരാളുടെ റജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് സെസി എൻറോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. 

രണ്ട് വർഷത്തോളം ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തുവന്ന ഇവർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു. നിരവധി കേസുകളിൽ ഇവരെ അഭിഭാഷക കമ്മീഷനായും നിയമിച്ചു. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് കേസെടുത്തിരുന്നു.ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി.

പരീക്ഷ ജയിക്കാതെയും എൻറോൾ ചെയ്യാതെയും കോടതിയെയും സഹ അഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

2018 -ൽ ആണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടര വർഷത്തോളമായി ജില്ലാ കോടതിയിൽ ഉൾപ്പെടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു. 2021ൽ സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. 

Read more: 'മോദി സർക്കാർ ചെയ്യുന്നത് താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതിന് തീർത്തും സമാനം': മന്ത്രി എംബി രാജേഷ്

ഇവര്‍ നല്‍കിയ എൻറോൾമെന്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാര്‍ കൗൺസിലിന്റെ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എൻറോൾമെന്റ് നമ്പർ കാണിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാല്‍ ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കിയിരുന്നു.

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ