
സുല്‍ത്താന്‍ബത്തേരി: വന്യമൃഗങ്ങള്‍ക്കുള്ള (Wild Animal) കുപ്പാടിയിലെ പാലിയേറ്റിവ് പരിചരണ കേന്ദ്രത്തില്‍ ഒന്നര മാസം മുമ്പ് അതിഥിയായി എത്തിയ കടുവയ്ക്ക് (Tiger) സുഖചികിത്സ തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഏഴു കിലോ ബീഫാണ് കടുവ അകത്താക്കുന്നത്. തീറ്റക്ക് ശേഷം ഉറക്കവും ഉലാത്തലുമായി കഴിയുന്ന കടുവക്ക് കൈയ്ക്കുണ്ടായിരുന്ന ചെറിയ പരിക്ക് 90 ശതമാനവും സുഖമായിക്കഴിഞ്ഞു. ദിവസവും ഡോക്ടറുടെ സാന്നിധ്യത്തോടൊപ്പം നിരവധി വനംവകുപ്പ് ജീവനക്കാര്‍ പരിചാരകരായി ഉള്ളതിനാല്‍ രാജാവായിത്തന്നെയാണ് കടുവയുടെ കേന്ദ്രത്തിലെ വാസം.
രണ്ട് ഹെക്ടര്‍ വിസ്താരമാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരുക്കിയ മൃഗങ്ങള്‍ക്കുള്ള പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിനുള്ളത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള സൗകര്യങ്ങള്‍ക്ക് ഒപ്പം തന്നെ പുലികള്‍ക്കും കടുവകള്‍ക്കുമായി പ്രത്യേക പുല്‍മേടുകളും ഒരുക്കിയിട്ടുണ്ട്. 25 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കടുവകളുടെ പുല്‍മേട്. ചുറ്റും കമ്പിയഴികളുമുണ്ട്. മുകള്‍ഭാഗം തുറന്നു കിടക്കുന്നു. പുല്‍മേടുകളിലേക്ക് തുറന്നുവിട്ട് തിരിച്ചുകയറ്റിയുള്ള പരിശീലനമാണ് ഇപ്പോള്‍ കൊടുക്കുന്നത്. കടുവയെ കേന്ദ്രത്തിലെത്തിച്ച ആദ്യ ആഴ്ചകളില്‍ ദിവസവും ഭക്ഷണം കൊടുത്തിരുന്നു.
ആരോഗ്യം വീണ്ടെടുത്തതോടെയാണ് ഒന്നിടവിട്ടുള്ള ദിവസങ്ങളിലേക്ക് ഭക്ഷണം ക്രമപ്പെടുത്തിയത്. ആളെ കാണാത്ത രീതിയില്‍ പ്രത്യേക ദ്വാരത്തിലൂടെയാണ് ഭക്ഷണം കൊടുക്കുന്നത്. രോഗങ്ങള്‍ പടരാതിരിക്കാന്‍ ഭക്ഷണവുമായി പോകുന്ന ജീവനക്കാര്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഉപയോഗിച്ച് ഷൂ ഉള്‍പ്പെടെയുള്ളവ കഴുകുമെന്ന് ആര്‍.ആര്‍.ടി.യിലെ റേഞ്ച് ഓഫിസര്‍ രൂപേഷ് പറഞ്ഞു.
24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെറ്ററിനറി യൂനിറ്റ്, ഗോഡൗണ്‍, ജലവിതരണ സംവിധാനങ്ങള്‍, ശുചിത്വ സംവിധാനങ്ങള്‍ എന്നീ സൗകര്യങ്ങള്‍ക്ക് പുറമെ ചികിത്സിക്കുന്നതിന് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍, അസി. വെറ്ററിനറി ഓഫിസര്‍, ലാബ് അസിസ്റ്റന്റുമാര്‍ എന്നിവരുടെയും ദ്രുതകര്‍മസേനയുടെയും സേവനവും സദാ സമയവുമുണ്ട്.
1973ല്‍ സ്ഥാപിതമായ വയനാട് വന്യജീവി സങ്കേതത്തിലാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ളത്. പുള്ളിപ്പുലികളും ഏറെയാണ് ഇവിടെ. കടുവകളും പുലികളും വര്‍ധിച്ചതോടെ ഇവ നിരന്തരം ജനവാസ കേന്ദ്രങ്ങളിലെത്തി ഭീതി സൃഷ്ടിക്കുന്നത് പതിവാണ്. വ്യാപകമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനൊടൊപ്പം ജനങ്ങളുടെ സൈ്വര്യജീവിതത്തിനും കടുവ അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് തടസ്സമാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് വയനാട്ടില്‍ കേന്ദ്രം ഒരുക്കിയത്.
അതേസമയം പരിചരണ കേന്ദ്രത്തില്‍ താമസിപ്പിച്ച കടുവയെ വീണ്ടും കാട്ടില്‍ തുറന്നുവിടുക പ്രായോഗികമല്ലെന്നാണ് മുത്തങ്ങയിലെ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍കുമാര്‍ അഭിപ്രായപ്പെടുന്നത്. ഇവ കാടിനോട് പെട്ടന്ന് ഇണങ്ങാതെ ജനവാസ കേന്ദ്രത്തിലെത്താന്‍ സാധ്യത കുടുതലാണ്. ഇത് മുന്നില്‍ കണ്ട് രാജ്യത്തെ മൃഗശാലകളിലേക്ക് ഇത്തരം മൃഗങ്ങളെ മാറ്റുന്നതിനെ കുറിച്ചായിരിക്കും അധികൃതര്‍ ആലോചിക്കുക. കേരളത്തില്‍ തിരുവനന്തപുരത്തും തൃശൂരുമുള്ള മൃഗശാലകളിലേക്ക് കടുവകളെ നിലവില്‍ ആവശ്യമില്ലെന്നാണ് വിവരം. ഇപ്പോള്‍ പാലിയേറ്റീവ് കേന്ദ്രത്തിലുള്ള കടുവയെ ഒന്നരമാസം മുമ്പ് മാനന്തവാടി ജെസ്സി കല്ലിയോട്ട് തേയില തോട്ടത്തില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടിയതാണ്