മൂന്ന് മാസം മുന്‍പ് വളര്‍ത്തുനായ മാന്തി: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

Web Desk   | Asianet News
Published : Jun 18, 2022, 06:29 PM IST
മൂന്ന് മാസം മുന്‍പ് വളര്‍ത്തുനായ മാന്തി: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

Synopsis

മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. 

തൃപ്രയാര്‍: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകന്‍ ഏഴുവയസുകാരന്‍ ആകര്‍ഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അസ്വസ്ഥത കാണിച്ചപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. തിങ്കളാഴ്ച രാവിലെ ആകര്‍ഷ് മരിച്ചു.

മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്പ് യാതൊരു പ്രശ്നവും കുട്ടിക്ക് ഉണ്ടായിരുന്നില്ല. 

പേ വിഷബാധയുടെ അപകടങ്ങളും രോഗവഴികളും വിശദീകരിച്ച് ഡോ. ഷിംന അസീസിന്റെ കുറിപ്പ് ഇവിടെ പങ്കുവയ്ക്കുന്നു.  മൃഗങ്ങൾ മാന്തുകയോ കടിക്കുകയോ ചെയ്‌താൽ ആദ്യം ചെയ്യേണ്ടത്‌ മുതൽ എല്ലാ വിവരങ്ങളും സെക്കൻഡ് ഒപ്പീനിയൻ എന്ന തലക്കെട്ട് നൽകിയാണ് ഡോക്ടർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

സെക്കൻഡ്‌ ഒപീനിയൻ - 013

പട്ടി, പൂച്ച, മരപ്പട്ടി, കുരങ്ങൻ, പെരുച്ചാഴി, കുറുക്കൻ തുടങ്ങി നാട്ടുമൃഗങ്ങളും കാട്ടുമൃഗങ്ങളും നമുക്ക്‌ കൊണ്ടു വന്നു തരുന്ന സൂക്കേടാണ്‌ പേവിഷബാധ. പേവിഷബാധ വെറും വിഷബാധയല്ല, അൽ-വിഷബാധയാണ്‌. വേറൊന്നും കൊണ്ടല്ല, പേയുള്ള മൃഗം കടിച്ച ശേഷം രോഗാണു ശരീരത്തിൽ പണി തുടങ്ങിക്കഴിഞ്ഞാൽ മരണം ഉറപ്പാണ്‌. ലോകത്ത്‌ ഇന്ന്‌ വരെ പേവിഷബാധക്ക്‌ ഫലപ്രദമായ ചികിത്സയില്ല. അപ്പോ നമുക്കിന്ന്‌ വഴീക്കൂടെ പോണ പട്ടിയുടെ പിന്നിൽ നിന്നും മാറി നിന്നു കൊണ്ട്‌ #SecondOpinion വായിക്കാം. എല്ലാരും ഇവിടെ കമോൺ.

ഏതൊരു മൃഗവും മാന്തുകയോ കടിക്കുകയോ ചെയ്‌താൽ ആദ്യം ചെയ്യേണ്ടത്‌ ആ ഭാഗം വൃത്തിയായി സോപ്പിട്ട്‌ കഴുകുകയാണ്‌. പേവിഷബാധയുണ്ടാക്കുന്ന റാബീസ്‌ വൈറസുകൾ ഒരു പരിധി വരെ ഈ ഒഴുകുന്ന വെള്ളത്തിൽ ഒലിച്ച്‌ പോകും. ശരീരഭാഗം കടിച്ചുപറിച്ച്‌ മൃഗം തന്റെ കഴിവ്‌ തെളിയിച്ചിട്ടുണ്ടെങ്കിൽ വൃത്തിയുള്ള തുണി കൊണ്ട്‌ കെട്ടി രക്‌തപ്രവാഹം നിയന്ത്രിക്കാവുന്നതാണ്‌. ഒട്ടും കാത്ത്‌ നിൽക്കാതെ ഉടൻ തന്നെ ആശുപത്രിയിലേക്ക്‌ പോകുക. ബാക്കി കാര്യപരിപാടികൾ അവിടെ നിന്നാണ്‌. മുറിവ്‌ ക്ലീൻ ചെയ്യൽ, പേവിഷബാധക്ക്‌ എതിരെയുള്ള കുത്തിവെപ്പ്‌, ടിടി വാക്‌സിൻ നൽകൽ തുടങ്ങിയ കാര്യങ്ങളാണ്‌ അവിടെ ചെയ്യുക.

പലരും കരുതും പോലെ പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ്‌ പേ ഇല്ലാതാക്കാനുള്ള മരുന്നല്ല, മറിച്ച്‌ പേ വരാതിരിക്കാനുള്ള വാക്‌സിനാണ്‌. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞ്‌ എന്ത് കൊണ്ടാണ്‌ വാക്‌സിൻ നൽകുന്നത്‌ എന്നതല്ലേ ക്വസ്‌റ്റ്യൻ? പറഞ്ഞു തരാം. റാബീസ്‌ വൈറസ്‌ മുറിവിൽ നിന്നും വളരെ പതുക്കെ ഞരമ്പുകളുടെ ആവരണം വഴി തലച്ചോറിലെത്തി ജീവാപായം വരുത്തുന്ന ഒന്നാണ്‌. തലച്ചോറിൽ നിന്ന്‌ എത്ര ദൂരെയാണോ മുറിവേറ്റ ഭാഗം, അത്രയും പതുക്കെയേ റാബീസ്‌ വൈറസ്‌ തലച്ചോറിലെത്തൂ.

അതായത്‌ പട്ടിക്കുട്ടി മുഖം കടിച്ചു കീറിയാൽ  കാലിൽ പറ്റുന്ന മുറിവിനേക്കാൾ കാര്യം സീരിയസാണ്‌. അതിൽ തന്നെ, മാന്തലിനും കടിക്കുന്നതിനുമെല്ലാം മുറിവിന്റെ സങ്കീർണത നേരിട്ട്‌ നിർണയിക്കേണ്ടത്‌ പരിശോധിക്കുന്ന ഡോക്‌ടറാണ്‌. വൈറസ്‌ തലച്ചോറിലെത്തും മുൻപേ വാക്‌സിൻ ദേഹത്ത്‌ കയറണം. കൂടാതെ, സാരമായ മുറിവുകൾക്ക്‌ റാബീസ്‌ ഇമ്യൂണോഗ്ലോബുലിൻ എന്നൊരു സംഗതി നൽകി റെഡിമെയ്‌ഡ്‌ പ്രതിരോധം നൽകാനാകും. എങ്ങനെയും റാബീസ്‌ വൈറസിനെ നശിപ്പിച്ചേ മതിയാകൂ, കാരണം രോഗബാധ ഉണ്ടായാൽ മരണം സുനിശ്‌ചിതമാണ്‌. അതുകൊണ്ട് തന്നെ കൃത്യമായി ഡോക്‌ടർ പറയുന്ന നാലു ദിവസവും വന്ന്‌ കൈയിന്‌ കുത്ത്‌ മേടിക്കുക, പത്തു ദിവസത്തേക്ക്‌ ആ മൃഗത്തിന്‌ വല്ല മാറ്റവുമുണ്ടോ, അത്‌ മൃതിയടയുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കുക. ഇത്രയേ വേണ്ടൂ.
.
വാൽക്കഷ്‌ണം: എലി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികൾക്ക്‌ റാബീസ്‌ പരത്താനുള്ള ശേഷിയില്ല. കാഴ്ചയിൽ എലിയുടെ അമ്മാവനായ പെരുച്ചാഴി പക്ഷേ പരത്തുകയും ചെയ്യും. പക്ഷികൾക്കും റാബീസ്‌ പരത്താൻ കഴിയില്ല. അത്‌ കൊണ്ട്‌ തന്നെ, ''കോഴിയെ പേപ്പട്ടി കടിച്ചു, കോഴിയിട്ട മുട്ട അറിയാതെ കഴിച്ചു. ഞാൻ മരിച്ചു പോകുമോ ഡോക്‌ടർ?" എന്നൊന്നും ചോദിച്ച്‌ വരേണ്ടതില്ല. അതുപോലെ, പേയുള്ള ജീവി കടിച്ചാൽ അച്ചാർ ഉപേക്ഷിക്കണോ, പുളി കഴിക്കാമോ, കുമ്പളങ്ങ കഴിക്കാമോ എന്നൊക്കെ സ്‌ഥിരമായി രോഗികൾ ചോദിക്കാറുണ്ട്‌. കുമ്പളങ്ങ പുളിയൊഴിച്ച്‌ വെച്ചത്‌ തൊട്ട്‌കൂട്ടിയല്ല വൈറസ്‌ തലച്ചോറിൽ പോണത്‌, നിങ്ങളെന്തേലുമൊക്കെ കഴി. 😊
- Dr. Shimna Azeez

PREV
Read more Articles on
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി