
അമ്പലപ്പുഴ: (Ambalapuzha) ആശുപത്രിയുടെ ചുറ്റുമതിൽ നിർമാണത്തിനായി ഒഴിപ്പിച്ച കുടുംബങ്ങൾക്കായി അധികമായി അനുവദിച്ച നഷ്ടപരിഹാരത്തുകക്കായി ഏഴ് വർഷമായി കാത്തിരിപ്പ്. സർക്കാർ അനുവദിച്ച തുക എവിടെപ്പോയെന്നറിവില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ (Alappuzha Medical College) ചുറ്റുമതിൽ നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട അഞ്ച് കുടുംബങ്ങളാണ് നഷ്ടപരിഹാരത്തുകക്കായി കണ്ണും നട്ടിരിക്കുന്നത്.
നീർക്കുന്നം കമ്പിയിൽ പാത്തുമ്മാക്കുഞ്ഞ്, സെലിൻ വിൽസൺ, സേവ്യർ, കബീർ അഹമ്മദ്, ലീലാ ബാബു എന്നീ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ശേഷം ഇവർക്ക് ഏറ്റെടുത്ത സ്ഥലത്തിന് പകരം സ്ഥലവും നഷ്ടപരിഹാരത്തുകയായി അഞ്ച് കുടുംബങ്ങൾക്കുമായി 12,58,544 രൂപയും അനുവദിച്ചിരുന്നു.എന്നാൽ നഷ്ടപരിഹാരത്തുക മതിയാകില്ലെന്ന് കാട്ടി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനസമ്പർക്ക പരിപാടിയിലും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു.
ഇതിനെത്തുടർന്ന് ഓരോ ലക്ഷം രൂപ അഞ്ച് കുടുംബങ്ങൾക്കും അധികമായി അനുവദിച്ചു കൊണ്ട് 2014 മാർച്ച് 17 ന് സർക്കാർ ഉത്തരവുമിറക്കി. എന്നാൽ വർഷം ഏഴ് പിന്നിട്ടിട്ടും ഈ തുക ആർക്കും ലഭിച്ചിട്ടില്ല. സർക്കാർ അനുവദിച്ച തുക എങ്ങോട്ടു പോയെന്ന് ഗുണഭോക്താവിൽ ഒരാളായ പ്രിൻസ് വി. കമ്പിയിൽ സമർപ്പിച്ച വിവരാവകാശ മറുപടിയിലും വ്യക്തമല്ല.
ആരോഗ്യ വകുപ്പാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. അധികമായി ഓരോ ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് നൽകിയ ഉത്തരവിന്റെ പകർപ്പും ഗുണഭോക്താക്കളുടെ പക്കലുണ്ട്. അധികമായി അനുവദിച്ച തുക ലഭിക്കാത്തതിൻ്റെ കാരണവും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിട്ടില്ല. ഗുണഭോക്താക്കളിൽ നാല് പേർ വിധവകളുമാണ്. പകരം നൽകിയ സ്ഥലം 15 വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്ന നിബന്ധനയും സർക്കാർ നൽകിയിട്ടുണ്ട്.
ഇക്കാരണം കൊണ്ട് ആധാരത്തിന് പകരം പട്ടയം മാത്രമാണ് ഈ കുടുംബങ്ങൾക്ക് നൽകിയിരിക്കുന്നത്. സ്ഥലം വിട്ടുനൽകിയ കുടുംബങ്ങളിലെ ഓരോരുത്തർക്കും മെഡിക്കൽ കോളേജിൽ ജോലി നൽകാമെന്ന് പറഞ്ഞെങ്കിലും ഇതിലും തീരുമാനമായിട്ടില്ല. സർക്കാർ അധികമായി അനുവദിച്ച ഓരോ ലക്ഷം രൂപ ലഭിക്കാൻ ഇനി ഏത് പടിവാതിൽക്കൽ പോകണമെന്ന ചോദ്യമുയർത്തുകയാണ് ഈ കുടുംബങ്ങൾ.