വയനാട്ടിലെ 'കാര്‍ഷിക വിപ്ലവം'; വഴിയരികിലും വയലിറമ്പിലും കിടന്ന് നശിക്കുന്നത് ലക്ഷങ്ങളുടെ യന്ത്രങ്ങള്‍

Published : Oct 21, 2022, 05:08 AM IST
വയനാട്ടിലെ 'കാര്‍ഷിക വിപ്ലവം'; വഴിയരികിലും വയലിറമ്പിലും കിടന്ന് നശിക്കുന്നത് ലക്ഷങ്ങളുടെ യന്ത്രങ്ങള്‍

Synopsis

കാടുവെട്ടല്‍ യന്ത്രം, വുഡ് കട്ടര്‍ തുടങ്ങിയവ വ്യക്തിഗതമായി സബ്സിഡി ഇനത്തില്‍ കിട്ടാതിരിക്കുകയും സംഘങ്ങള്‍ക്കും മറ്റും യഥേഷ്ടം കിട്ടുന്നതുമായ രീതിയാണെന്നും കര്‍ഷകര്‍

കല്‍പ്പറ്റ: വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ നശിച്ചു കൊണ്ടിരിക്കുകയാണ്. സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ന്യായീകരണമാണ് യന്ത്രങ്ങള്‍ വഴിയരികിലും വയലിലുംകിടക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്കുള്ളത്.  പാടശേഖര സമിതികള്‍, സ്വാശ്രയ സംഘങ്ങള്‍ തുടങ്ങിയവക്ക് സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമാക്കിയ യന്ത്രങ്ങളാണ് ഇവയിലേറെയും. വയലോരത്തും സമീപത്തെ പറമ്പിലും റോഡരികിലുമൊക്കെയായി വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് തുരുമ്പ് വന്ന് നശിക്കുകയാണിവ. 

ലക്ഷങ്ങള്‍ വിലമതിക്കുന്നതും ആധുനിക സംവിധാനങ്ങളോട് കൂടിയതുമായ  ട്രില്ലര്‍, നടീല്‍ യന്ത്രങ്ങള്‍, മെതിയന്ത്രങ്ങള്‍ തുടങ്ങിയവ അടക്കമുള്ളവയാണ് ഇങ്ങനെ കിടന്ന് നശിക്കുന്നത്. കഷ്ടിച്ച് ഒന്നോ രണ്ടോ വര്‍ഷം മാത്രം ഉപയോഗിച്ചിട്ടുള്ളവയാണ് ഇവയില്‍ പലതും. പൂര്‍ണമായും കാര്‍ഷിക സംഘങ്ങളുടെ ഉത്തരവാദിത്തത്തിലാണ് യന്ത്രങ്ങളും വാഹനങ്ങളും വിട്ടുനല്‍കുന്നതെങ്കിലും കൃത്യമായി ഇവ പരിപാലിക്കാനോ സൂക്ഷിക്കാനോ ഉള്ള ബാധ്യത പല സംഘങ്ങളും നിറവേറ്റാറില്ല. ഇത്തരം അനാസ്ഥകള്‍ക്കാകട്ടെ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം കൂട്ടുനില്‍ക്കുകയുമാണ്. 

സംഘങ്ങള്‍ക്ക് ഏതെങ്കിലും യന്ത്രം ലഭിക്കുന്ന മുറക്ക് ഇവയുടെ സൂക്ഷിപ്പിനും പരിപാലനത്തിനും കൃത്യമായ നിര്‍ദേശങ്ങളോ മാനദണ്ഡങ്ങളോ അധികൃതര്‍ വെക്കാറില്ല. ഉപയോഗം കഴിഞ്ഞാല്‍ കര്‍ഷകരുടെ വീട്ടുമുറ്റത്തോ കൃഷിയിടങ്ങളിലോ ഒക്കെ നിര്‍ത്തിയിടുകയാണ് ഇപ്പോല്‍ അവലംബിക്കുന്ന രീതി. ഏതെങ്കിലും തരത്തില്‍ അസൗകര്യങ്ങളുണ്ടായാല്‍ പിന്നീട് യന്ത്രങ്ങള്‍ പാതയോരങ്ങളിലേക്കും വഴിവക്കിലുമൊക്കെയായി മാറ്റിയിടും. ഇതോടെ മഴയും മഞ്ഞും വെയിലുമേറ്റ് യന്ത്രഭാഗങ്ങള്‍ക്ക് നാശം സംഭവിക്കാന്‍ തുടങ്ങും. പിന്നീട് അറ്റകുറ്റപ്പണികള്‍ വൈകുന്നതോടെ ഇവയൊന്നും ഉപയോഗിക്കാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെടുന്നു. 

ജില്ലയിലെമ്പാടും നിരവധി യന്ത്രങ്ങളാണ് വാങ്ങി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. സംഘങ്ങള്‍ക്കുള്ളിലെ രാഷ്ട്രീയ വടംവലിയും അനാസ്ഥക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. വെള്ളമുണ്ട പഞ്ചായത്തിലും നൂല്‍പ്പുഴ പഞ്ചായത്തിലുള്‍പ്പെട്ട മാതമംഗലത്തും ഇത്തരത്തില്‍ ഒന്നിലധികം യന്ത്രങ്ങളാണ് നശിച്ചു കിടക്കുന്നത്. മാതമംഗലം വയലിന് സമീപം പഞ്ചായത്ത് റോഡരികില്‍ കൊയ്ത്തു യന്ത്രം തുരുമ്പെടുത്ത് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇവിടുത്തെ കാര്‍ഷിസംഘത്തിന് സര്‍ക്കാര്‍ ധനസഹായത്തോടെ കൈമാറിയതായിരുന്നു യന്ത്രം. എന്നാല്‍ കുറച്ചുകാലം പ്രവര്‍ത്തിപ്പിച്ചതിന് ശേഷം വേണ്ടത്ര അറ്റകുറ്റപണിയോ മറ്റോ നടത്താതെ യന്ത്രം റോഡരികില്‍ തള്ളുകയായിരുന്നു. ഇതിപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമാണ്. 

വെള്ളമുണ്ട മേഖലയില്‍ നശിക്കുന്നത് മെതിയന്ത്രങ്ങളാണ്. കാര്‍ഷിക സംഘങ്ങളോ ബന്ധപ്പെട്ട ജനപ്രതിനിധികളോ ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ ലക്ഷങ്ങളുടെ യന്ത്രങ്ങള്‍ ഇത്തരത്തില്‍ തുരുമ്പെടുത്ത് പോകില്ലെന്ന അഭിപ്രായമാണ് ജനങ്ങളില്‍ പലരും പങ്കുവെക്കുന്നത്. അതേ സമയം നല്ല രീതിയില്‍ ട്രാക്ടര്‍ അടക്കമുള്ളവ ഉപയോഗിക്കുന്ന സംഘങ്ങളും ഉണ്ട്. നെന്മേനി പഞ്ചായത്തിലെ കല്ലിങ്കര പാടശേഖര കൂട്ടായ്മകളില്‍ നാല് ട്രാക്ടറുകളാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയില്‍ ലഭിച്ചത്. നാലും ഇപ്പോഴും നല്ല നിലയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നതായി കര്‍ഷകനായ സുനില്‍ പറയുന്നു. 

 കാടുവെട്ടല്‍ യന്ത്രം, വുഡ് കട്ടര്‍ തുടങ്ങിയവ വ്യക്തിഗതമായി സബ്സിഡി ഇനത്തില്‍ കിട്ടാതിരിക്കുകയും സംഘങ്ങള്‍ക്കും മറ്റും യഥേഷ്ടം കിട്ടുന്നതുമായ രീതിയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഒട്ടേറെ കര്‍ഷകരാണ് ജില്ലയില്‍ യന്ത്രവത്കൃത കൃഷിക്ക് സൗകര്യമില്ലാത്തത് കാരണം കൃഷി നഷ്ടം സഹിച്ച് തുടരുന്നത്. കാര്‍ഷികയന്ത്രങ്ങള്‍ ഉത്പാദനച്ചെലവ് വന്‍തോതില്‍ കുറക്കാന്‍ സഹായകരമാകുമെങ്കിലും അര്‍ഹതപ്പെട്ടവര്‍ ഇപ്പോഴും പട്ടികയുടെ പുറത്താണെന്ന് ഇവര്‍ പറയുന്നു.
 

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്