വേലിയേറ്റത്തെ തുടർന്ന് തീരമേഖലയിലെ കുടുംബങ്ങൾ കടുത്ത ജീവിതദുരിതത്തിൽ

By Web TeamFirst Published Jan 6, 2021, 6:52 AM IST
Highlights

വേമ്പനാട്ട് കായലിന്റേയും കൈതപ്പുഴ കായലിന്റെ തീരങ്ങൾ ഉൾപ്പെട്ട തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളിലെ പ്രദേശങ്ങളെല്ലാം വേലിയേറ്റ ഭീക്ഷണി നേരിടുന്നുണ്ട്. 

പൂച്ചാക്കൽ: ശക്തമായ വേലിയേറ്റത്തെ തുടർന്ന് തീരമേഖലയിലെ കുടുംബങ്ങൾ കടുത്ത ജീവിതദുരിതത്തിൽ. വേമ്പനാട്ട് കായലിന്റേയും കൈതപ്പുഴ കായലിന്റെ തീരങ്ങൾ ഉൾപ്പെട്ട തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളിലെ പ്രദേശങ്ങളെല്ലാം വേലിയേറ്റ ഭീക്ഷണി നേരിടുന്നുണ്ട്. അതിനൊപ്പം കായലുകളെ ബന്ധിപ്പിക്കുന്ന ഇടതോടു കളിലെ തീരമേഖലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഇടുന്നതോടെ കായലിൽ ജല നിരപ്പ് ഉയരാറുണ്ടെങ്കിലും, ഇത്ര കണ്ട് ഇതാദ്യമാണന്ന് തീരവാസികൾ പറയുന്നു. 

മുൻപ് പഴയ ഷട്ടറിനിടയിലൂടെ കുറെയധികം ജലം ബണ്ടിനുള്ളിൽ കടക്കുമായിരുന്നു. എന്നാൽ, കുറ്റമറ്റ നിലയിൽബണ്ടും ഷട്ടറും പുനർനിർമ്മച്ചതിലൂടെയാവാം ഇത്രയധികം വേലിയേറ്റമെന്ന ചർച്ചയും തീരത്ത് സജീവമാണ്. വേലിയേറ്റത്തിൽ പുരയിടത്തിലേയ്ക്ക് കയറുന്നത് ഉപ്പ് വെള്ളമായതിനാൽ വീട്ടുമുറ്റത്തെ ചെറിയ തോതിലുള്ള വിവിധ കാർഷിക വിളകൾക്കും നാശം സംഭവിക്കുന്നുണ്ട്. തീരമേഖലയിലെ കൽക്കെട്ടുകൾ ഏറിയ പങ്കും തകർന്ന നിലയിലാണ്. ഇവയുടെ പുനർനിർമ്മാണത്തിലൂടെ ശക്തമായ വേലിയേറ്റ ഭീക്ഷണിയിൽ നിന്നും ഒരു പരിധി വരെ തീരമേഖലയെ രക്ഷിക്കാനാകുമെന്ന ചർച്ചയും സജീവം. 

അതോടൊപ്പം, വേലിയേറ്റത്തിൽ ജലത്തിനൊപ്പം വിവിധ മാലിന്യങ്ങളും പുരയിടങ്ങളിലെത്തുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. പ്രത്യേകിച്ച് കോളനികൾ കേന്ദ്രീകരിച്ച് ഇതിന്റെ സാധ്യതയും ഏറെയാണ്. തീരദേശപഞ്ചായത്തുകളുടെയും, ആരോഗ്യമേഖലയുടെയും അടിയന്തിര ശ്രദ്ധയും ഇടപെടലും തീരമേഖലയിൽ ഉണ്ടാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

click me!