
പാലക്കാട്: മട്ടാഞ്ചേരി എ സി പി പി എസ് സുരേഷ് കുമാറിനെതിരെ ലൈംഗിക അതിക്രമ കേസ്. പട്ടാമ്പി സി ഐ ആയിരിക്കെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. പട്ടാമ്പി കോടതിയുടെ നിർദേശ പ്രകാരം തൃത്താല പൊലീസാണ് കേസ് എടുത്തത്.
2016 ജൂലൈ ഒമ്പതിനാണ് കേസിനാസ്‍പദമായ സംഭവം. അന്ന് പട്ടാമ്പി സിഐ ആയിരുന്ന പി എസ് സുരേഷ് കുമാർ, പട്ടാമ്പി സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇവരുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയം അതിക്രമിച്ച് കയറിയെന്നും പരാതിയുണ്ട്.
ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും കേസ്സെടുത്തിരുന്നില്ല. തുടർന്ന് ഇവർ പാലക്കാട് എസ് പിക്ക് പരാതി നൽകി. തുടർ നടപടി വൈകിയതോടെ, വീട്ടമ്മ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. ഇതിനിടെ നീതിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പട്ടാമ്പി കോടതിയെ സമീപിക്കാനായരുന്നു ഹൈക്കോടതി നിർദ്ദേശം. തുടർന്ന് വീട്ടമ്മയുടെ പരാതി പരിഗണിച്ച പട്ടാമ്പി ജുഡീഷ്യൽ മജിസ്ട്രേറ്റ്, കേസ്സെടുക്കാൻ തൃത്താല പൊലീസിന് നിർദ്ദേശം നൽകി.
ലൈംഗിക അതിക്രമം, ക്രിമിനൽ സ്വഭാവത്തോട് കൂടിയുള്ള അതിക്രമം, വീട്ടിൽ അതിക്രമിച്ചു കയറൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ ഉൾപെടുത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സുരേഷ് കൊച്ചി എസിപിയായിരിക്കെ, ഇദ്ദേഹത്തിന്റ മാനസിക പീഡനം താങ്ങാനാവാതെയായിരുന്നു സിഐ നവാസ് നാടുവിട്ടതെന്ന് പരാതിയുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam