
തൃശൂർ: തൃപ്രയാർ പെരിങ്ങോട്ടുകര ഗവ. ഐടിഐയിൽ എഐഎസ്എഫുകാരൻ ചെയർമാനായി വിജയിച്ചതിനെ തുടർന്ന് ആക്രമങ്ങള്‍ നടന്നിരുന്നു. ഇതില്‍ പ്രതികളായ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റു ചെയ്യാത്തതിനെതിരെയുള്ള സമരം സിപിഐ ജില്ലാ കൗൺസിൽ ഏറ്റെടുത്തു. തിങ്കളാഴ്ച തൃശൂർ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലേക്ക് പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടക്കും. സിപിഐ ദേശീയ കൗൺസിൽ അംഗം സി എൻ ജയദേവൻ എംപി ഉദ്ഘാടനം ചെയ്യും.
ഐടിഐ സ്റ്റുഡൻസ് കൗൺസിലിലേക്ക് നടന്ന ഇലക്ഷനിൽ മുന്നണി ധാരണ നടപ്പിലാവാത്തതിനെ തുടർന്നാണ് എഐഎസ്എഫ് തനിച്ചു മത്സരിക്കാൻ തീരുമാനിച്ചത്. പ്രധാന എതിരാളി എസ്എഫ്ഐ ആണെന്നതിനാൽ വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു ഇവിടെ. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച എഐഎസ്എഫ് നേതാവ് കെ വി അനൂപ് വിജയച്ചതോടെ വിറളിപൂണ്ട എസ്എഫ്ഐക്കാർ എഐഎസ്എഫിൻറെ ആഹ്ലാദപ്രകടനത്തിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
എഐഎസ്എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും തൃശൂർ ജില്ലാ പഞ്ചായത്തംഗവുമായ ബി ജി വിഷ്ണു, സംസ്ഥാന സെക്രട്ടേറിയറ്റംഗം ചിന്നു ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡൻറ് കെ എസ് ഉണ്ണികൃഷ്ണൻ എന്നിവരെ ക്രൂരമായി തല്ലിചതച്ചു. സിപിഐ നാട്ടിക നിയോജക മണ്ഡലം ആസ്ഥാനമായ കെ പി പ്രഭാകരൻ സ്മാരകത്തിനുനേരെയും ആക്രമണമുണ്ടായി. സിപിഐ ആസ്ഥാനത്ത് എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകർ എൻ ഇ ബലറാമിന്‍റെയും എൻ സി ശങ്കരന്‍റെയും ഛായാചിത്രങ്ങളും ഓഫീസ് സാമഗ്രികളും അടിച്ചുതകർത്തു.
സംഭവത്തിന് നേതൃത്വം നൽകിയവരുടെ വിവരങ്ങളടക്കം സിപിഐ നേതൃത്വം പരാതി നൽകിയിട്ടും പൊലീസ് മൗനം പാലിക്കുകയായിരുന്നു. പെരിങ്ങോട്ടുകര സംഭവത്തിന് പിറകെ തൃശൂർ ശ്രീകേരള വർമ്മ കോളജിലും എഐഎസ്എഫ് നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ജില്ലാ കമ്മിറ്റിയംഗം രാഹുൽ പ്രകാശ്, യൂണിറ്റ് സെക്രട്ടറി അസ്ഹർ മജീദ്, യൂണിറ്റംഗങ്ങളായ അനന്ത വിഷ്ണു, വിസ്മയ് എന്നിവർക്കാണ് പരിക്കേറ്റത്. രാഹുലിന്‍റെ തലയിൽ പട്ടികകൊണ്ട് അടിയേറ്റ നിലയിലായിരുന്നു.
എഐഎസ്എഫും എഐവൈഎഫും കേരള മഹിളാ സംഘവും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും പൊലീസ് കുലുങ്ങിയില്ല. ഇതോടെ സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എന്നിട്ടും പൊലീസ് നിഷ്ക്രിയത്വം തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കൗൺസിൽ സമരം ഏറ്റെടുക്കുന്നത്.
സിപിഎമ്മിനെതിരെയുള്ള നിലപാട് വെട്ടിതുറന്നു പറയുന്ന സി എൻ ജയദേവനെ ഉദ്ഘാടകനായി നിശ്ചയിച്ചത് പ്രക്ഷോഭം ശക്തമാക്കാനാണെന്നാണ് വിലയിരുത്തൽ. സിപിഐക്ക് ശക്തമായ വേരോട്ടമുള്ള മേഖലകളാണ് പെരിങ്ങോട്ടുകര, അന്തിക്കാട്, നാട്ടിക, താന്ന്യം, ചേർപ്പ് എന്നിവ. ഇവിടങ്ങളിൽ നിന്ന് പ്രവർത്തകരെ സജ്ജരാക്കി സിപിഐ ഓഫീസ് തകർത്ത പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ സമരം ശക്തമാക്കാനാണ് ലക്ഷ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam