
പ്രണയത്തില്‍ (Love affair) നിന്ന് പിന്മാറിയ യുവാവിനെ ആസിഡ് ഒഴിച്ച (Acid Attack) ശേഷം വീട്ടമ്മ പോയത് ഭര്‍ത്താവിന്‍റെ മുരിക്കാശ്ശേരിയുള്ള വീട്ടിലേക്ക്. തിരുവനന്തപുരം സ്വദേശിയായ യുവാവിന്‍റെ മുഖത്ത് അടിമാലി(Adimali) ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നില്‍ വച്ചാണ് വീട്ടമ്മ ആസിഡ് ഒഴിച്ചത്. യുവതി രണ്ട് കുട്ടികളുടെ അമ്മയാണെന്ന് അറിഞ്ഞതിന് പിന്നാലെ പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയ യുവാവ് മറ്റൊരു യുവതിയുമായി വിവാഹിതനാവാനുള്ള തയ്യാറെടുപ്പ് നടത്തിയതായിരുന്നു അക്രമത്തിന് വീട്ടമ്മയെ പ്രകോപിപ്പിച്ചത്.
തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറിനെതിരായ ആസിഡ് ആക്രമണത്തില്‍ ഇടുക്കി അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു യുവാവിനെതിരെ ആസിഡ് ആക്രമണമുണ്ടായത്. കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവാവിന്‍റെ മുഖത്തേക്ക് ഒഴിക്കുന്നതിനിടെ വീട്ടമ്മയുടെ മുഖത്തും ആസിഡ് വീണ് പൊള്ളലേറ്റിരുന്നു. മുഖത്തെ പൊള്ളല്‍ കഞ്ഞിവെള്ളം വീണ് സംഭവിച്ചതെന്നായിരുന്നു വീട്ടമ്മ ഭര്‍ത്താവിന്‍റെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. സംശയത്തിന് അവസരം പോലും നല്‍കാതെ അഞ്ച് ദിവസത്തോളം യുവതി ഇവിടെ ഒളിവില്‍ കഴിഞ്ഞു.
ഇതിനിടെ ആസിഡ് ആക്രമണമേറ്റ് കാഴ്ച നഷ്ടമായ യുവാവില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പൊലീസ് ഷീബയുടെ വീട്ടിലെത്തിയതോടെയാണ് ഭര്‍തൃവീട്ടുകാര്‍ വിവരം അറിയുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ ബന്ധം പ്രണയമായതോടെ യുവാവിനൊപ്പം താമസിക്കാനായി തിരുവനന്തപുരത്തെത്തിയ ഷീബ ഹോം നഴ്സ് ആയി ജോലി നോക്കിയിരുന്നു. എന്നാല്‍ ഷീബ വിവാഹിതയും കുട്ടികളുമുണ്ടെന്ന് മനസിലാക്കിയ അരുണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതറിഞ്ഞ ഷീബ യുവാവിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
തന്നെ ഒപ്പം കൊണ്ടുപോകണമെന്ന് ഷീബ ആവശ്യപ്പെട്ടത് അരുണ്‍കുമാര്‍ നിരസിച്ചു. ഇതിനെ പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്. യുവതി യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു. അടിമാലിയിലേക്ക് തനിച്ച് എത്തണമെന്നായിരുന്നു ഷീബണ അരുണ്‍കുമാറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കൂട്ടികാര്‍ക്കൊപ്പം കാറിലെത്തിയതാണ് അരുണിന് തുണയായത്.
കൂട്ടുകാര്‍ അരുണിനെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ തേടി. പിന്നാലെ എറണാകുളത്തെ ആശുപത്രിയിലേക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു. യുവാവിന്‍റെ മുഖത്ത് സാരമായ പൊള്ളലേറ്റിട്ടുണ്ട്. പണം നൽകിയാൽ പ്രശ്നം അവസാനിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ച് അതേക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞാണ് ഷീബ അരുണ്‍കുമാറിനെ അടിമാലിയിലേക്ക് വിളിച്ചുവരുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam