കീഴ്പ്പയ്യൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായത് മരണത്തിന് വരെ കാരണമാകുന്ന ഷിഗല്ലാ ബാക്ടീരിയാ ബാധ

By Web TeamFirst Published Jun 25, 2019, 2:35 PM IST
Highlights

കീഴ്പ്പയ്യൂര്‍ എല്‍ പി സ്കൂളിലെ 45 കുട്ടികളാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയത്. 

കീഴ്പ്പയ്യൂർ: കോഴിക്കോട് കീഴ്പ്പയ്യൂർ വെസ്റ്റ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ദിവസമുണ്ടായത് ഷിഗല്ലാ ബാക്ടീരിയാ ബാധയെന്ന് കണ്ടെത്തി. ഉച്ചഭക്ഷണം കഴിച്ച കുട്ടികളാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. ഈ പശ്ചാത്തലത്തില്‍ ഉച്ചഭക്ഷണം ഒരുക്കുമ്പോൾ സ്കൂളുകളില്‍ പാലിക്കേണ്ട പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കി.

കീഴ്പ്പയ്യൂര്‍ എല്‍ പി സ്കൂളിലെ 45 കുട്ടികളാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയത്. ഇത് ഷിഗല്ല ബാക്ടീരിയ ബാധയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. കുട്ടികളില്‍ മരണത്തിന് വരെ കാരണമായേക്കാവുന്നതാണ് ഷിഗല്ല ബാക്ടീരിയാ ബാധ.

ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യാത്ത സാഹചര്യമുണ്ടായതാണ് ഷിഗല്ല ബാധയ്ക്ക് കാരണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും ഭക്ഷ്യസുരക്ഷാ നിര്‍ദേശം പുറപ്പടുവിച്ചിരിക്കുകയാണ് അധികൃതര്‍. സ്കൂളുകള്‍ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ എടുക്കണമെന്നാണ് നിര്‍ദേശം.

കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം, പാചകക്കാര്‍-ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, പാചക തൊഴിലാളികള്‍ അസുഖ ബാധിതരാണെങ്കില്‍ അസുഖം ഭേദമാകുന്നത് വരെ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റേതായുണ്ട്.

click me!