
തിരുവനന്തപുരം: ഇന്നലെ ക്രൂ ചെയ്ഞ്ചിംഗിനായി വിഴിഞ്ഞത്ത് പുറം കടലില്‍ നങ്കൂരമിട്ട കണ്ടയ്‌നര്‍ ഭീമന്‍ ''എവര്‍ ഗിഫ്റ്റഡ് '' തീരം വിട്ടു. ജീവനക്കാരില്‍ ചിലരെ കരയ്ക്കിറക്കിയും മറ്റ് ചിലരെ പകരം കയറ്റിയുമാണ് തീരം വിട്ടത്. നെതര്‍ലാന്‍ഡില്‍ നിന്ന് ചരക്കുമായി കൊളംബോയിലേക്കുള്ള യാത്രാമധ്യെയാണ് കൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. മുമ്പ് കടല്‍ സഞ്ചാരത്തിനിടെ കോളംബോയിലോ സിങ്കപ്പൂരിലോ എത്തിയായിരുന്നു കപ്പല്‍ ക്രൂ
മാറ്റം നടത്തിയിരുന്നത്.
കഴിഞ്ഞയാഴ്ച മറ്റൊരു കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്ത് വിജയകരമായി ക്രൂ ചെയ്ഞ്ചിംഗ് നടത്തിയതോടെ കേരളത്തിലെ രണ്ടാമത്തെ ക്രൂ ചെയ്ഞ്ചിംഗ് കേന്ദ്രമായി വിഴിഞ്ഞം മാറി. ഇതിനുപിന്നാലെയാണ് ഇന്നലെ വീണ്ടും വിദേശ കപ്പല്‍ എത്തിയത്. ഇതുവരെ കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് ക്രൂ ചെയ്ഞ്ചിംഗിന് സൌകര്യമുണ്ടായിരുന്നത്.
ഇന്നലെ വെളുപ്പിനെത്തി പുറം കടലില്‍ നങ്കൂരമിട്ട ചരക്ക് കപ്പലില്‍ നിന്ന് ഇന്ത്യക്കാരായ 12 കപ്പല്‍ ജീവനക്കാര്‍ കരയ്ക്കിറങ്ങി. പകരം ഇവിടെ നിന്ന് 12 ജീവനക്കാര്‍ കപ്പലില്‍ പ്രവേശിക്കുകയും ചെയ്തു. കൊവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് ജീവനക്കാരെ കപ്പലില്‍ പ്രവേശിപ്പിച്ചത്.
വിഴിഞ്ഞം ആസ്ഥാനമായുള്ള ഡോവിംഗ്‌സ് റിസോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഷിപ്പിംഗ് കമ്പനിയാണ് വിദേശ കപ്പലുകള്‍ക്ക് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗിനുള്ള ക്രമീകരണം തയാറാക്കിയത്. വിദേശ കപ്പലില്‍ നിന്ന് കരയ്ക്കിറങ്ങിയ ജീവനക്കാരെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ പെയ്ഡ് ക്വാറന്റ്റൈന്‍ സെന്റില്‍ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷമേ വീടുകളിലേക്ക് വിട്ടയക്കുകയുള്ളൂവെന്ന് പോര്‍ട്ട അധികൃതര്‍ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെയും പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അധികൃതരുടെയും നേതൃത്വത്തിലാണ് ജീവനക്കാരെ കപ്പലില്‍ നിന്ന് പുറത്തിറക്കിയതും പകരം ജീവനക്കാരെ കപ്പലില്‍ പ്രവേശിപ്പിച്ചതും. സ്റ്റേറ്റ് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ പി. ജെ. മാത്യു, പോര്‍ട്ട് ഓഫീസ് ക്യാപ്റ്റന്‍ അച്യുത വാര്യര്‍, കസ്റ്റംസ് സൂപ്രണ്ട് ജയരാജ്, പര്‍സര്‍ രവീന്ദ്രനാഥ്, കണ്‍സര്‍വേറ്റര്‍ കിരണ്‍,എമിഗ്രേഷന്‍, തീരദേശ പൊലീസ്
തുടങ്ങിയവരുടെ നേതൃത്വത്തില്‍ സീവേര്‍ഡ് വാര്‍ഫിലാണ് രേഖാപരിശോധനകളടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഉച്ചയോടെ വിദേശ ചരക്ക് കപ്പല്‍ വിഴിഞ്ഞം തീരം വിട്ടു. 2.5 ലക്ഷം രൂപ ഔട്ടര്‍ ആങ്കറിംഗ് ചാര്‍ജ്ജായി പോര്‍ട്ടിന് ലഭിച്ചു. ഈ മാസം 27നും 28നും രണ്ട് കപ്പലുകളും അടുത്തമാസം 12 വിദേശ ചരക്ക് കപ്പലുകളും ക്രൂചെയ്ഞ്ചിംഗിനായി വിഴിഞ്ഞത്തെത്തുമെന്ന് പോര്‍ട്ടധികൃതര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam