'എംഎസ്‍സി അക്കിറ്റെറ്റ ഫുൾടാങ്കാക്കി', പുതിയ ഉയരങ്ങളിലേക്ക് കേരളത്തിന്റെ വിഴിഞ്ഞം തുറമുഖം, കപ്പലുകൾക്ക് ഇന്ധനം നിറച്ച് തുടങ്ങി

Published : Oct 19, 2025, 08:33 PM IST
vizhinjam port

Synopsis

വിഴിഞ്ഞത്തേക്ക് ചരക്ക് നീക്കം ചെയ്യാത്ത കപ്പലുകൾക്കും ഇന്ധനം ലഭിക്കും. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിൽ വിഴിഞ്ഞത്തു നിന്നും മറ്റ് കപ്പൽ മുഖാന്തരം ഇന്ധനം നിറയ്ക്കാൻ സാധിക്കും.

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തുന്ന കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സേവനം തുടങ്ങി. അദാനി ബങ്കറിങ് കമ്പനിയുടെ നേതൃത്വത്തിൽ എംടി ഷോൺ വൺ കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്‍റെ ആങ്കറേജിലുള്ള എംഎസ്‍സി അക്കിറ്റെറ്റ കപ്പലിലാണ് വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ നിറച്ചത്. ഇതോടെ വിഴിഞ്ഞത്തിന് സമീപത്തെ ചാലിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ഇന്ധനം നിറക്കാൻ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയും. പുതിയ സംവിധാനമെത്തിയതോടെ ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായി വിഴിഞ്ഞം അധികം വൈകാതെ മാറുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നത്. നിലവിൽ മുംബയിലും കൊച്ചിയിലും നിന്ന് ഇന്ധനം എത്തിച്ചാകും കപ്പലുകളിൽ നിറയ്ക്കുന്നത്. വിഴിഞ്ഞത്തേക്ക് ചരക്ക് നീക്കം ചെയ്യാത്ത കപ്പലുകൾക്കും ഇന്ധനം ലഭിക്കും.

പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിൽ വിഴിഞ്ഞത്തു നിന്നും മറ്റ് കപ്പൽ മുഖാന്തരം ഇന്ധനം നിറയ്ക്കാൻ സാധിക്കും. ബങ്കറിംഗിനു വേണ്ടി രണ്ടാം ഘട്ടത്തിൽ വിഴിഞ്ഞത്ത് ഓയിൽ ഫാമും ലിക്വിഡ് ജെട്ടിയും നിർമ്മിക്കും. ഓയിൽ ഫാം വരുന്നതോടെ പൈപ്പ് മുഖാന്തരം ഇന്ധനം ലിക്വിഡ് ജെട്ടിയിൽ എത്തിച്ച് കപ്പലുകളിൽ നിറയ്ക്കാൻ കഴിയും. ബെർത്ത് ബങ്കറിംഗും നടക്കും. ബങ്കറിംങ് ആരംഭിക്കുന്നതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഇന്ധനകൈമാറ്റം നടക്കും ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വരുമാനം വർധിക്കും. ഇന്ധനവില കൂടാതെ ടാക്സ് ഇനത്തിലും വരുമാന നേട്ടമുണ്ടാകും.

ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള തുറമുഖമെന്ന ലക്ഷ്യവുമായി വിഴിഞ്ഞം

അദാനി തുറമുഖ കമ്പനിക്ക് സർവീസ് ചാർജ് മാത്രമേ ലഭ്യമാകുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്. അതേസമയം വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിർമാണത്തിന്‌ നവംബർ അഞ്ചിന്‌ തുടക്കമാകും. രണ്ടുമുതൽ നാലുവരെ ഘട്ടം ഒന്നിച്ചാണ്‌ നടപ്പാക്കുക. 2028 ഡിസംബറിനകം പ‍ൂർത്തീകരിക്കും. 10,000 മുതൽ 15,000 കോടിയോളം രൂപവരെയാണ്‌ നിർമാണം നടത്തുന്ന അദാനി പോർട്ട്‌ മുടക്കുക. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ നേരിട്ട്‌ പണംമുടക്കേണ്ടതില്ല.

1200 മീറ്റർ ബെർത്തിന്റെ നിർമാണവും ക്രെയിനുകളും സ്ഥാപിക്കൽ, ഒരുകിലോമീറ്റർ പുലിമുട്ട്‌ നിർമാണം, കണ്ടയ്നർ യാർഡിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 660 മീറ്റർ വീതമുള്ള മൾട്ടിപർപ്പസ് ബെർത്ത്‌ നിർമാണം, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബെർത്തുകളുടെ (പുലിമുട്ടിനോടനുബന്ധിച്ച്‌) നിർമാണം, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, കടൽ നികത്തി 77.17 ഹെക്ടർ ഭൂമി സൃഷ്ടിക്കൽ എന്നിവയാണ്‌ രണ്ടാംഘട്ടത്തിലുള്ളത്‌. ഇത്‌ പൂർത്തിയാകുന്നതോടെ സ്ഥാപിതശേഷി വർഷം 40 ലക്ഷം കണ്ടെയ്നറാകും. വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള തുറമുഖമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടുംബവുമായി ബന്ധമില്ല,പ്ലാറ്റ്ഫോമിൽ നിന്ന് അടിച്ചുമാറ്റിയത് 5 പവൻ, കുഴിച്ചിട്ടത് ഭാര്യവീടിന് സമീപം,യുവാവ് പിടിയിൽ
ആടിനെ മേയ്ക്കാൻ വനത്തിൽ കയറി, മയിലാട്ടുംപാറയിൽ യുവാവിനെ കാട്ടാന കൊന്നു