
മാനന്തവാടി: വാളാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വാളാട് നരിക്കുഴിയില്‍ ഷാജി-ഷീജ ദമ്പതികളുടെ മകന്‍ എന്‍.എസ് പ്രജിത്തിനെയാണ് കാണാനില്ലെന്ന പരാതിയുള്ളത്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിശ്വഏക്ത കപ്പലിലെ ട്രെയിനി ഉദ്യോഗസ്ഥനാണ് പ്രജിത്ത്. വിശാഖപട്ടണത്ത് നിന്നും ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് കാണാതായതെന്നാണ് കമ്പനി ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ ചരക്കുമായി വിശാഖപട്ടണത്ത് നിന്നും യാത്ര തിരിച്ചത്. അന്നാണ് പ്രജിത്ത് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. വെളളിയാഴ്ച അമ്മക്ക് ഫോണില്‍ സന്ദേശമയക്കുകയും ചെയ്തിരുന്നു. തീരത്തേക്കെത്താന്‍ കുറച്ച് ദിവസം കൂടിയെടുക്കുമെന്നായിരുന്നു സന്ദേശം. ശനിയാഴ്ച കപ്പല്‍ കമ്പനി ജീവനക്കാരാണ് പ്രജിത്തിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ശനിയാഴ്ച രാവിലെ ജീവനക്കാരുടെ അറ്റന്‍ഡന്‍സ് എടുക്കുമ്പോള്‍ പ്രജിത്തിനെ കാണാനില്ലെന്നും വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ പോയതായിരുന്നുവെന്നുമാണ് കപ്പല്‍ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. കപ്പല്‍ തിരിച്ചുപോയി തിരച്ചില്‍ നടത്തിയെന്നും തിങ്കളാഴ്ച ഉച്ചവരെ തിരച്ചില്‍ തുടരുമെന്നും അറിയിച്ചിരുന്നു. കപ്പല്‍ ഇപ്പോഴും തീരത്തടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങളും വീട്ടുകാര്‍ക്ക് ലഭ്യമായിട്ടില്ല.
എന്‍ജിനീയറിംഗ് ബിരുദധാരിയാണ് പ്രജിത്ത്. സെപ്തംബര്‍ 13 നാണ് കപ്പിലിലെ ജോലിക്കായി പ്രജിത്ത് പോയത്. തുടര്‍ന്ന് ഒരുമാസത്തോളം വിശാഖപട്ടണത്ത് തന്നെയായിരുന്നുവെന്ന് സഹോദരന്‍ പ്രവീണ്‍ പറഞ്ഞു. വീട്ടുകാര്‍ ഇത് സംബന്ധിച്ച് തലപ്പുഴ പോലീസ്, മുഖ്യമന്ത്രി, രാഹുല്‍ ഗാന്ധി എം.പി, ഒ.ആര്‍.കേളു എം.എല്‍.എ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam