
ഇടുക്കി: തടിയമ്പാട് ടൗണിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരിച്ചു. തടിയമ്പാട് കേശമുനി സ്വദേശി നെല്ലിക്കുന്നേൽ തോമസ് (86) ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. തടിയമ്പാട് ടൗണിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് പോകുന്ന വഴി ഷാപ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്. വാഹനം ഇടിച്ച് നിലത്ത് വീണ തോമസിന്റെ ശരീരത്തിലൂടെ പിന്നോട്ട് ഉരുണ്ട വാഹനം കയറി ഇറങ്ങുകയായിരുന്നു.
ഉടൻ തന്നെ തോമസിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇടുക്കി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിന് കാരണമായ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, തകഴിയിൽ ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിത അപകടം. നിയന്ത്രണം തെറ്റിയ കാർ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന ട്രാൻസ്ഫോർമറിലിടിച്ച് മൂന്ന് കെ എസ് ഇ ബി ജീവനക്കാർക്ക് പരിക്കേറ്റു. തകഴി കെ എസ് ഇ ബി ഓവർ സീയർ സിനി, കരാർ ജീവനക്കാരായ രാഹുൽ, റെജി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തകഴി ജംഗ്ഷന് സമീപം ട്രാൻസ്ഫോർമറിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ റോഡിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി ട്രാൻസ്ഫോർമറിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.