മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘം എസ് ഐയെ ആക്രമിച്ചു

By Web TeamFirst Published Aug 4, 2018, 9:51 PM IST
Highlights

രാത്രി ലൈറ്റ് ഹൗസ് ബീച്ചിൽ വച്ച് അസ്വാഭാവികമായി കണ്ട മൂന്നംഗ സംഘത്തെ ചോദ്യം ചെയ്ത എസ് ഐക്ക് നേരെയായിരുന്നു അക്രമണം.  എസ് ഐയുടെ യൂണിഫോം വലിച്ചു കീറി മര്‍ദ്ദിക്കുകയായിരുന്നു.


തിരുവനന്തപുരം: പട്രോളിംഗിനിടെ കോവളം എസ് ഐയ്ക്കും സിവിൽ പൊലീസുകാരനും നേരെ യുവാക്കളുടെ കൈയ്യേറ്റം. എസ് ഐയുടെ യൂണിഫോം വലിച്ചു കീറി, മൊബൈൽ ഫോൺ തല്ലി തകർത്തു. സിവിൽ പൊലീസിന്‍റെ മുഖത്ത് മർദ്ദനമേറ്റു. കഴിഞ്ഞ ദിവസം രാത്രി ലൈറ്റ് ഹൗസ് ബീച്ചിൽ വച്ചാണ് ആക്രമണം. ഇരുവരും മൂന്നംഗ സംഘത്തെ തടഞ്ഞുവച്ച് കൂടുതൽ പൊലീസെത്തിയതിനെ തുടര്‍ന്നാണ് മൂവരെയും അറസ്റ്റ് ചെയ്തത്. 

വിഴിഞ്ഞം ടൗൺഷിപ്പ് നിവാസികളായ അയൂബ് ഖാൻ (26), ഷംനാദ് (28), അബ്ദുൾ റസാഖ് (30) എന്നിവരെയാണ് പിടികൂടിയത്. വെളളിയാഴ്ച രാത്രിയോടെ ലൈറ്റ് ഹൗസ് ബീച്ചിലൂടെ നടന്ന് പോകുകയായിരുന്ന എസ്ഐ പി.അജിത് കുമാറിനും സി പി ഒ ഷിജുവിനുമാണ് മർദ്ദനമേറ്റത്. ഇവർ നടന്ന് വരവെ എതിരെ വന്ന മൂന്നംഗ സംഘത്തെ സംശയം തോന്നിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തതിൽ പ്രകോപിതരായ യുവാക്കൾ എസ്ഐയുടെ ഷർട്ട് വലിച്ചു കീറുകയായിരുന്നു. തുടര്‍ന്ന് മൊബൈൽ ഫോൺ തകർക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ആക്രമണത്തിനിടെ കൂടുതല്‍ പൊലീസിനെ വിളിച്ച് വരുത്തിയതിന് ശേഷമാണ് മൂവരെയും അറസ്റ്റ് ചെയ്തത്.  ദേഹോപദ്രവം ഏൽപ്പിക്കൽ, കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്ത്  യുവാക്കൾക്ക് നേരെ കേസെടുത്തു. ഇവരുടെ  ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.  യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്ഐ പി.അജിത് കുമാറിനും സി പി ഒ ഷിജുവും ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

click me!