
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് വലിയതുറ. ഈ പൊലീസ് സ്റ്റേഷനിലെ പ്രധാന ചുമതലകൾ വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ചില പ്രത്യേകതകളുണ്ട്. എസ്ഐ ദമ്പതികളാണ് ഇവിടത്തെ താരങ്ങൾ. കാക്കിക്കുള്ളിലെ പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോൾ സഹപ്രവർത്തകരും ഒപ്പം നിന്നു.
വലിയതുറ പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ. അഭിലാഷ് മോഹനനും ക്രൈം എസ്ഐ. അലീനാ സൈറസും ആണ് തലസ്ഥാനത്തെ എയർപോർട്ടും ചെറിയതുറയും ശംഖുമുഖവും വെട്ടുകാടും കൊച്ചുവേളിയും ഉൾപ്പെടുന്ന പ്രധാന മേഖലകൾ ഉൾപ്പെടുന്ന വലിയതുറ പൊലീസ് സ്റ്റേഷനിലെ സുപ്രധാന ചുമതലകൾ വഹിക്കുന്നത്.
തിരുവനന്തപുരം പെയാട് സ്വദേശിയായ അഭിലാഷ് 2019- ലാണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി ഗ്രാമമായ വെട്ടുതുറയിൽ നിന്ന് 2018 ലാണ് അലീന പൊലീസ് സേനയിൽ എത്തുന്നത്. പത്തനംതിട്ടയിൽ പ്രൊബേഷൻ പൂർത്തിയാക്കിയ ശേഷം തലസ്ഥാനത്ത് എത്തിയ അലീന വലിയതുറ സ്റ്റേഷനിലെ ക്രൈം എസ്ഐ ആയി ചുമതലയേറ്റു.
ജോലിയോടുള്ള ഇരുവരുടെയും ആത്മാർത്ഥത പതിയെ പ്രണയത്തിലേക്ക് വഴിതുറന്നു. തുടർന്ന് കർമ്മവീഥിയിൽ എന്ന പോലെ തന്നെ ജീവിത യാത്രയിലും ഒരുമിക്കാൻ അവർ തീരുമാനിച്ചു. ഇക്കഴിഞ്ഞ ജൂലൈ 14 -ന് മലയിന്‍കീഴ് രജിസ്ട്രാര്‍ ഓഫീസിൽ വെച്ച് ചുരുക്കത്തിലായിരുന്നു ഇരുവരുടെയും വിവാഹം. കരിയറും ജീവിതവും ഒന്നാകുമ്പോൾ പ്രതിസന്ധികളും ഉരുത്തിരിയുമെങ്കിലും ഗുണങ്ങളും ഏറെയെന്നാണ് ഇരുവരുടെയും പക്ഷം.
അതേസമയം ഒരു വിവാഹ സന്തോഷ വാർത്തയും ഇന്ന് പുറത്തുവന്നു. സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വീണ്ടും വിവാഹിതനായി. വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷ് അധ്യാപികയായ പ്രതിഭയെ വിവാഹം കഴിച്ചത്. സജീഷിന്‍റെ മക്കളായ റിതുൽ, സിദ്ധാർത്ഥ് എന്നിവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങ് തീര്‍ത്തും ലളിതമായിരുന്നു.
Read more: വീട് നിർമ്മാണം നിർത്തി വെക്കണം, പണം തിരിച്ച് നൽകണം, പഞ്ചായത്തിന്റെ നടപടിയിൽ കുഴഞ്ഞ് നിർധന കുടുംബം
നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജീഷ് വിവാഹകാര്യം ലോകത്തെ അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam