' തെറ്റ് ചെയ്ത സഭാ അധികാരികളെ ആദ്യം പുറത്താക്കട്ടെ എന്നിട്ടാകാം... ' മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസിനോട് പ്രതികരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കുറിപ്പ്

By Web TeamFirst Published Feb 16, 2019, 10:53 PM IST
Highlights

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മൂന്നാമത്തെ കാരണം കാണിക്കൽ നോട്ടീസാണ് ലഭിച്ചിരിക്കുന്നത്. അച്ചടക്കം ലംഘിച്ചാൽ സന്യാസ സമൂഹത്തിൽ നിന്നും പുറത്താകേണ്ടി വരുമെന്ന മുന്നറിയിപ്പോടുകൂടിയാണ് പുതിയ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.  

കണ്ണൂര്‍: കുറ്റം ചെയ്തവരെയാണ് സഭ ആദ്യം പുറത്താക്കേണ്ടതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ റോബിൻ വടക്കുംചേരിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ചതിന്‍റെ പാശ്ചാത്തലത്തില്‍ കൂടിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഫേസ് ബുക്ക് പോസ്റ്റ്. റോബിന്‍ വടക്കുംചേരിയെ സഹായിച്ച കുറ്റവാളികള്‍ സഭയില്‍ തുടരുമ്പോള്‍ ക്രൈസ്തവമൂല്യത്തിനനുസൃതമായി ഇന്നുവരെ സന്യാസ ജീവിതം നയിച്ച തന്നെ പുറത്താക്കാന്‍ ആർക്കാണ് കഴിയുകയെന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മൂന്നാമത്തെ കാരണം കാണിക്കൽ നോട്ടീസാണ് ലഭിച്ചിരിക്കുന്നത്. വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നതിനാണ് സിസ്റ്റർ വിശദീകരണം കൊടുക്കേണ്ടത്. അച്ചടക്കം ലംഘിച്ചാൽ സന്യാസ സമൂഹത്തിൽ നിന്നും പുറത്താകേണ്ടി വരുമെന്ന മുന്നറിയിപ്പോടുകൂടിയാണ് പുതിയ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.  ഇതിനിടെയാണ് സഭയിലെ കുറ്റവാളികളെ ആദ്യം പുറത്താക്കട്ടെയെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 

Read More: വീണ്ടും പ്രതികാര നടപടിയുമായി സഭ: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മൂന്നാമത്തെ കാരണം കാണിക്കൽ നോട്ടീസ്

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

ക്രൈസ്തവമൂല്യത്തിനനുസൃതമായി ഇന്നുവരെ സന്യാസം ജീവിച്ചെന്ന ഉറപ്പോടെ നില്‍ക്കുമ്പോള്‍ ആർക്കാണെന്നെ പുറത്താക്കാൻ കഴിയുക ? മാനന്തവാടി രൂപതയിലെ ക്രിമിനൽ കേസുകളുള്ള സന്യാസിനികളും, പുരോഹിതനും വിധിയിൽ നിന്നൊഴിവായാലും നീതി ന്യായം അവരെ വെറുതേ വിടുകയില്ല... വരും ദിവസങ്ങളിൽ ഇത്തരക്കാരെ ആദ്യം സഭയിൽ നിന്ന് പുറത്താക്കട്ടെ. ഇവരുടെയൊക്കെ രൂപതാ നേതൃത്വവും സന്യാസ സഭാ നേതൃത്വവും FCC -യെ കണ്ടുപഠിക്കട്ടെ... ! എന്നിട്ട് എന്‍റെ കാര്യം FCC ആലോചിച്ചാൽ മതി... ! യേശുവിന്‍റെ പേരും പറഞ്ഞ് എന്ത് അനീതിയും കാണിക്കാം എന്നതിനെ തിരുത്തുവാൻ നിയമം മാത്രം പറയുന്നവർ ശ്രദ്ധിക്കണം. ഒരു കാര്യം എല്ലാവരും മനസ്സിലാക്കണം. " സഭാധികാരികൾ അനുവദിച്ചാൽ ഏത് തെറ്റും ചെയ്യാം, അനുവദിച്ചില്ലെങ്കില്‍ ഒരു ശരിയും ചെയ്യരുത്". ഇപ്പോൾ അനുവാദം എന്തെന്ന് മനസ്സിലായോ ? ഇവിടെ രണ്ട് സ്ഥലത്തും തെറ്റ് പറ്റിയത് അധികാരത്തിനാണ്... ക്രിസ്തുദാസി സന്യാസാധികാരികളുടെ അനുവാദത്തോടെയാണ് മഠത്തിലെ കാറ് രാത്രിയിൽ അതിവേഗം ഓടിച്ചതും, ക്രിസ്തുരാജ ആശുപത്രിയിൽ നിന്നും 16 കാരിയുടെ കുഞ്ഞിനെ മോഷ്ടിച്ചതും. അതിനാൽ നിലവിലെ അധികാരികളും കുറ്റക്കാരാണ്. അനുസരണവൃതം പാലിച്ച SH, SKD,കന്യാസ്ത്രീകൾ... ! രൂപതയുടെ മെത്രാൻ, നമ്മൾ കേട്ടതും കേൾക്കാത്തതുമായ സകലകാര്യങ്ങൾക്കും റോബിന് നല്കിയ സകല ആനുകൂല്യങ്ങളും അനുവാദത്തോടെ... !!!!  നീതി തഴയപ്പെട്ട കന്യാസ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച, പ്രകൃതിയിലെ ദൈവസ്നേഹം വാഴ്ത്തിപ്പാടിയ, 21 -ാം നൂറ്റാണ്ടിൽ ഡ്രൈവിങ് ലൈസൻസ് എടുത്ത, കാറോടിച്ച് സാമൂഹ്യപ്രതിബന്ധതയോടെ വിദ്യാർത്ഥികൾക്കായി ജീവിക്കുന്ന സി ലൂസി കളപ്പുര അനുവാദമില്ലാതെ ചെയ്യുന്നു. അനുവദിക്കാത്തതിനാൽ അനുസരണക്കേട്. ഇവിടെയും നിലവിലിരുന്ന അധികാരികൾ കുറ്റക്കാരാണ്... ഇനി അനുസരണം..." യേശു കാഴ്ചപ്പാടിൽ " പിന്നീട് സംസാരിക്കാം.

 


 

click me!