ഉരു മുങ്ങി; ആറ് പേർ മണിക്കൂറുകൾ നടുക്കടലില്‍, ഒടുവില്‍ കോസ്റ്റ് ഗാർഡിനൊപ്പം ആശ്വാസ തീരത്തേക്ക്

By Vaisakh AryanFirst Published May 2, 2022, 8:43 AM IST
Highlights

ഇരുട്ടില്‍ നടുക്കടലില്‍ ടോർച്ച് മാത്രം കൈയില്‍ പിടിച്ചാണ് ഉരുവിലുണ്ടായിരുന്ന 6 പേരും രക്ഷകരെ കാത്തിരുന്നത്. വെളിച്ചം തെളിച്ച് തങ്ങളിവിടെയുണ്ടെന്ന് കോസ്റ്റ് ഗാർഡ് ടീമിനെ അറിയിച്ചു.

കോഴിക്കോട്: ഉരു മുങ്ങി ആറ് പേ‍ർ നടുക്കടലിൽ കുടുങ്ങിക്കിടന്നത് ആറ് മണിക്കൂറോളം. കഴിഞ്ഞ ​ദിവസം രാത്രി 9 മണിയോടെ കെട്ടിട നിർമ്മാണ സാമഗ്രികളും കന്നുകാലികളുമായി ബേപ്പുർ തുറമുഖത്തുനിന്ന് ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലേക്ക്  പുറപ്പെട്ട ഉരുവാണ് അപകടത്തില്‍ പെട്ടത്. ഗുജറാത്ത് സ്വദേശികളായ 6 പേരാണ് ഉരുവിലുണ്ടായിരുന്നത്. ബേപ്പൂരില്‍നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയെത്തിയപ്പോൾ കാലാവസ്ഥ തീരെ മോശമായി. ഉരുവിന്‍റെ എഞ്ചിന്‍റെ ഭാഗത്തെ ദ്വാരത്തിലൂടെ വെള്ളം ഇരച്ചുകയറി. ഉടനെ ബേപ്പൂരിലേക്ക് തന്നെ മടങ്ങാന്‍ ശ്രമം തുടങ്ങി. 

പക്ഷേ 7 നോട്ടിക്കല്‍ മൈല്‍ അകലയെത്തി നില്‍ക്കേ ഉരു പൂർണമായും അപകടാവസ്ഥയിലായി. ലക്ഷക്കണക്കിന് രൂപയുടെ ചരക്കുകൾ വെള്ളം കയറി നശിച്ചു. ഉരു കരയ്ക്കെത്തില്ലെന്ന് ഉറപ്പായതോടെ ഉരുവിന്‍റെ ക്യാപ്റ്റന്‍ ലത്തീഫ് ഉരുവിലുണ്ടായിരുന്ന 13 കന്നുകാലികളുടെയും കയറുകൾ അറുത്തുമാറ്റിയിട്ടു. ലൈഫ് ബോട്ടില്‍ കയറി നടുക്കടലില്‍ മണിക്കൂറുകൾ കിടന്നു. ഒപ്പമുണ്ടായിരുന്നവരടക്കം 6 പേരും ഉരു മുങ്ങുന്നതിന് സാക്ഷിയായി. 

മോശം കാലാവസ്ഥയും വെളിച്ചമില്ലാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിച്ചു. ഇതിനോടകം ഉരുവിന്‍റെ ഉടമയും കോഴിക്കോട് സ്വദേശിയുമായ അബ്ദുല്‍ റസാഖിനെ വിളിച്ചു കാര്യങ്ങൾ അറിയിച്ചിരുന്നു. രാത്രി ഒന്നേകാലോടെ ഉടമ കോസ്റ്റ് ഗാർഡിനെയും വിവരം അറിയിച്ചു. ഉടന്‍ ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷനിലെ അസി. കമാന്‍ഡന്‍റ് വിശാല്‍ ജോഷിയുടെ നേതൃത്ത്വത്തിലുള്ള സംഘം സി404 എന്ന കപ്പലില്‍ നടുക്കടലിലേക്ക് കുതിച്ചു. 

ഇരുട്ടില്‍ നടുക്കടലില്‍ ടോർച്ച് മാത്രം കൈയില്‍ പിടിച്ചാണ് ഉരുവിലുണ്ടായിരുന്ന 6 പേരും രക്ഷകരെ കാത്തിരുന്നത്. വെളിച്ചം തെളിച്ച് തങ്ങളിവിടെയുണ്ടെന്ന് കോസ്റ്റ് ഗാർഡ് ടീമിനെ അറിയിച്ചു. ഒടുവില്‍ കപ്പലടുപ്പിച്ച് തൊഴിലാളികളെ കയറ്റി തീരത്തേക്കെത്തി. രാവിലെ ആറരയോടെ കപ്പല്‍ തീരത്തെത്തി. ബേപ്പൂർ തുറമുഖത്ത് ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തുമ്പോൾ തളർന്നിരുന്ന 6 പേരുടെ മുഖത്തും ആശ്വാസം. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു അസി. കമാന്‍ഡന്‍റ് വിശാല്‍ ജോഷിയും മലയാളികളുൾപ്പെടുന്ന കോസ്റ്റ് ഗാർഡ് സംഘം.

click me!