
മാവേലിക്കര: ആറ് വയസുകാരിയെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ ആണ് പിതാവ് കൊലപ്പെടുത്തിയത്. കേസില്‍ അച്ഛൻ ശ്രീമഹേഷിനെതിരെ പൊലീസ് മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
497 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് മാവേലിക്കര സിഐ സി ശ്രീജിത്ത് പറഞ്ഞു. കൃത്യം നടന്ന 78 -ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി ശ്രീമഹേഷിന് തന്റെ വിവാഹം നടക്കാത്തതില്‍ ഉണ്ടായ വൈരാഗ്യവും നിരാശയുമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിവാഹ ആലോചന നിരസിച്ച വനിത പോലീസ് കോണ്‍സ്റ്റബിളിനെ വകവരുത്തുവാനും ഇയാള്‍ക്ക് പദ്ധതി ഉണ്ടായിരുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായി പറയുന്നു.
നിലവില്‍ പേരൂര്‍ക്കടയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലാണ് പ്രതി ശ്രീമഹേഷ് ഉള്ളത്. കോടതി നടപടികളുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടന്നതിന് അടുത്ത ദിവസം ശ്രീമഹേഷിനെ തെളിവെടുപ്പ് കഴിഞ്ഞ് മാവേലിക്കര സബ് ജയിലില്‍ റിമാൻഡ് ചെയ്തതിന് പിന്നാലെ കഴുത്തും കൈയ്യും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ അന്ന് പേരൂര്‍ക്കടിയിലെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇയാളെ പൂജപ്പുര സെന്റര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ജയിലില്‍ പൊതുവെ ശാന്ത സ്വഭാവമാണ് പ്രകടിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. പുന്നമൂട് ആനക്കൂട്ടില്‍ വീടിന്റെ സിറ്റൌട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യില്‍ ഒളിപ്പിച്ച മഴു ഉപയോഗിച്ച് ശ്രീമഹേഷ്, വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായി അവിടേക്ക് കയറിച്ചെന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദയേയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടികാരുടെ സഹായത്തോടെ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam