'വീട്ടിൽ ഒറ്റയ്ക്കാണ്, വരാമോ, പെൺകുട്ടിയുടെ ഐഡിയിൽ നിന്ന് മെസേജ്!' സ്ഥലത്ത് എത്തിപ്പോൾ കണ്ടത് യുവാക്കളെ, തല്ലി അവശനാക്കി പണം തട്ടി

Published : Dec 27, 2025, 05:02 PM IST
Kollam cheating case

Synopsis

പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഡിസംബർ 22-ന് ഇവർ മഹേഷിനെ ആര്യങ്കോട്ടെ താവളത്തിലേക്ക് വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ മഹേഷിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ച് പണം കവരുകയും ആക്രമിക്കുകയും ചെയ്ത കേസിൽ ആറുപേരെ ആര്യങ്കോട് പൊലീസ് അറസ്റ്റുചെയ്തു. കീഴാറൂർ ഇഴവികോണം മാമൂട്ടുവിളാകം വീട്ടിൽ നിധിൻ(കൊച്ചുകാണി-24), സഹോദരൻ നിധീഷ്(വലിയകാണി-25), ആര്യൻകോട് പഞ്ഞിക്കുഴി പി.കെ.ഹൗസിൽ ശ്രീജിത്ത്(ശ്രീക്കുട്ടൻ-24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിൻകര മേലെപുത്തൻവീട്ടിൽ അഖിൽ(സച്ചു-26), ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ട്  പ്ലസ് ടു വിദ്യാർഥികൾ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കുന്നത്തൂർ സ്വദേശി മഹേഷ് മോഹനനെ(40)യാണ് ഇവർ കബളിപ്പിച്ചത്.

ഇൻസ്റ്റഗ്രാമിൽ പെൺകുട്ടിയുടെ ചിത്രങ്ങളിട്ട് വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച ശേഷം നിരന്തര ചാറ്റിങ്ങിലൂടെയാണ് ഇവർ മഹേഷുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഡിസംബർ 22-ന് ഇവർ മഹേഷിനെ ആര്യങ്കോട്ടെ താവളത്തിലേക്ക് വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ മഹേഷിനെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. കൈ തല്ലിയൊടിച്ച ശേഷം കത്തിയുപയോഗിച്ച് ശരീരമാസകാലം മുറിവേല്പിച്ചു. മഹേഷിന്റെ സ്മാർട്ട് ഫോൺ കൈക്കലാക്കിയ സംഘം അക്കൗണ്ടിലുണ്ടായിരുന്ന രണ്ടായിരത്തോളം രൂപ പിൻവലിച്ചു. തുടർന്ന് ഫോണിലെ നമ്പറുകളിലേക്ക് വിളിച്ച് യുവാവ് അപകടത്തിൽപെട്ടെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടു. കുറച്ചുപേർ പണം അയച്ചുകൊടുത്തു. ആ തുകകൾ പലപ്പോഴായി സംഘം എടിഎമ്മിൽ പോയി പിൻവലിച്ചു. 21,500 രൂപയാണ് പിൻവലിച്ചത്.

പിന്നീട് മോചനദ്രവ്യമായി രണ്ടു ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ ഉടനെ കിട്ടിയില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളുടെ കൈയിൽ പണമില്ലന്ന് മനസിലാക്കിയ സംഘം 24ന് വൈകിട്ട് യുവാവിനെ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ദിശമാറി നാഗർകോവിൽ ഭാഗത്തേക്കു പോകുന്ന ട്രെയിനിൽ കയറിയ യുവാവ് റെയിൽവേ പൊലീസിനോട് വിവരങ്ങൾ പറഞ്ഞു. ശരീരമാസകലം മുറിവേറ്റ മഹേഷിനെ റെയിൽവേ പൊലീസ് ആണ് തിരുവനന്തപുരം മെഡിക്കൽ കോളെജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആര്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ അക്രമികളെ കണ്ടെത്തുകയായിരുന്നു. പ്രതികളായ നിധിന്റെയും സഹോദരൻ നിധീഷിന്റെയും പേരിൽ നെയ്യാറ്റിൻകര, മാരായമുട്ടം, പാറശ്ശാല, കാട്ടാക്കട ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് ആര്യങ്കോട് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ 2 വയസുകാരൻ അബദ്ധത്തിൽ കിണറ്റിൽ വീണു, നാടിനെ വേദനയിലാഴ്ത്തി ദാരുണാന്ത്യം
ക്രിസ്മസ് തലേന്ന് വീട് പൂട്ടി ഡോക്ട‍ർ നാട്ടിലേക്ക് പോയി, വാതിൽ കുത്തിത്തുറന്ന് 10 ലക്ഷത്തിന്‍റെ ആഭരണങ്ങൾ മോഷ്ടിച്ചു