ക്രിസ്‌മസ് അവധിയായതിനാൽ ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ  അയൽവാസികൾ കണ്ട് വിവരം പൊലീസിൽ അറിയിച്ചു.

തിരുവനന്തപുരം: ക്രിസ്മസ് തലേന്ന് വീട് പൂട്ടിയിറങ്ങിയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് കവർച്ച. ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടിനുവിന്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടിലായിരുന്നു മോഷണം. ഡോക്ടറും കുടുംബവും അവധിക്ക് നാട്ടിൽ പോയ തക്കം നോക്കി വീട്ടിൽ കയറി പത്തുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ക്രിസ്മസ് ദിനത്തിലായിരിക്കാം മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ക്രിസ്‌മസ് അവധിയായതിനാൽ ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മറ്റ് മുറികളിലെ അലമാരകളും കമ്പോർഡുകളും ഉൾപ്പടെ കുത്തിത്തുറന്നിട്ടുണ്ട്.

സമീപത്തെ വീടിന്റെ മുൻവാതിലും കുത്തിത്തുറന്ന നിലയിലായിരുന്നു. ഈ വീട്ടിലുള്ളവർ ചെന്നൈയിലാണ്,​ അവരെത്തിയ ശേഷമേ എന്തൊക്കെ നഷ്ടപ്പെട്ട സാധനങ്ങളെ കുറിച്ച് വ്യക്തത വരു. ഫോർട്ട് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. ഫിംഗർ പ്രിന്റ്,ഡോഗ് വിദഗ്ദ്ധ സംഘങ്ങളും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.