
തിരുവനന്തപുരം: മകനെ ശരീരത്തോട് ചേര്‍ത്ത് കെട്ടി പുഴയില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കള്‍. കരമനയാറിലെ മങ്കാട്ട് കടവ് പമ്പ് ഹൗസിന് സമീപത്ത് വച്ചാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് പമ്പ് ഹൗസ് ജീവനക്കാരായ പ്രിയനും സജിത്തും സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയില്‍ ഒരു കുട്ടി പുഴയിലൂടെ ഒഴുകി വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പ്രിയന്‍റെ സുഹൃത്ത് അനിക്കുട്ടന്‍ പുഴയില്‍ചാടി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കുട്ടിക്കൊപ്പം യുവതിയുള്ളത് മനസ്സിലാവുന്നത്. ശക്തമായ ഒഴുക്കില്‍ ഇരുവരേയും ഒന്നിച്ച് കരക്കെത്തിക്കാന്‍ ശ്രമിച്ച് ബുദ്ധിമുട്ടായതോടെ കുട്ടിയെ യുവതിയുടെ ശരീരവുമായി കെട്ടിയിരുന്നത് അഴിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പമ്പ് ഹൗസ് ജീവനക്കാരനായ പ്രിയനും സജിത്തും സുഹൃത്തുക്കളായ സജിയും അഭിലാഷും കൂടി നീന്തിയെത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.
കുട്ടിയെ കരക്ക് എത്തിക്കുമ്പോള്‍ ബോധമുണ്ടായിരുന്നു എന്നാല്‍ യുവതി പ്രാഥമിക ചികിത്സക്ക് ശേഷമാണ് ബോധം വീണ്ടെടുത്തത്. മലയിന്‍കീഴ് പൊലീസെത്തി ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടുള്ള അന്വേഷണത്തിലാണ് ഇവര്‍ അമ്മയും മകനുമാണെന്ന് തിരിച്ചറിയുന്നത്. പമ്പ് ഹൗസിൽ നിന്നും ഏറെ അകലെ അല്ലാത്ത ആറാട്ടു കടവിൽ വച്ചാണ് യുവതി മകനെയും കൊണ്ടു പുഴയിൽ ചാടിയതെന്നാണ് സംശയം. ഈ പരിസരത്ത് നിന്ന് യുവതിയുടെ സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്.
ധരിച്ചിരുന്ന ചുരിദാറിന്‍റെ ഷാൾ കൊണ്ടാണ് യുവതി കുട്ടിയെ വയറിനോട് ചേര്‍ത്ത് കെട്ടിയിരുന്നത്. മലയോര മേഖലകളിൽ തിങ്കളാഴ്ച രാത്രി ശക്തമായ മഴ പെയ്തതിനാൽ പേപ്പാറ ഡാം തുറന്നിരുന്നു. ഇതോടെ കരമനയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാല്‍ കരയിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം ഉണ്ടായിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് സുഹൃത്തുക്കളായ പ്രിയൻ, സജി, അനിക്കുട്ടൻ, അഭിലാഷ്, സജിത്ത് എന്നിവർ യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam