തിരക്കുള്ള നഗരങ്ങളില്‍ നിന്നും ആഡംബര ബൈക്ക് മോഷണം, വില്‍പ്പന കേരളത്തില്‍; ആറ് യുവാക്കളെ പൊലീസ് പൊക്കി

Published : Jan 22, 2019, 10:41 AM ISTUpdated : Jan 22, 2019, 10:45 AM IST
തിരക്കുള്ള നഗരങ്ങളില്‍ നിന്നും ആഡംബര  ബൈക്ക് മോഷണം, വില്‍പ്പന കേരളത്തില്‍; ആറ് യുവാക്കളെ പൊലീസ് പൊക്കി

Synopsis

ബംഗളുരുവിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വില കൂടിയ ബൈക്കുകള്‍ മോഷ്ടിച്ച സംഘം കേരളത്തില്‍ നിന്നുള്ളവരാണെന്ന് വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. സംഘം മോഷ്ടിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല് ബൈക്കുകകളും പിടിച്ചെടുത്തു.   

കല്‍പ്പറ്റ: ഇതരസംസ്ഥാനങ്ങളിലെ തിരക്കുള്ള നഗരങ്ങളില്‍ നിന്ന് ആഢംബര ബൈക്കുകള്‍ മാത്രം മോഷ്ടിച്ച കേരളത്തില്‍ വില്‍പ്പന നടത്തുന്ന സംഘത്തെ സുല്‍ത്താന്‍ ബത്തേരി പോലീസ് പിടികൂടി. ബംഗളുരുവിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വില കൂടിയ ബൈക്കുകള്‍ മോഷ്ടിച്ച സംഘം കേരളത്തില്‍ നിന്നുള്ളവരാണെന്ന് വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. സംഘം മോഷ്ടിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല് ബൈക്കുകകളും പിടിച്ചെടുത്തു. 

മൂലങ്കാവ് വടച്ചിറ തട്ടാരത്തൊടിയില്‍ സച്ചിന്‍ (22), മണിച്ചിറ പൊലച്ചിക്കല്‍ ഇഷാന്‍ (19), മൈതാനിക്കുന്ന് തട്ടയില്‍ ഷിയാസ് (19), കുപ്പാടി മറ്റത്തില്‍ ജോസിന്‍ ടൈറ്റസ് (20) എന്നിവരും മോഷ്ടിച്ച വാഹനങ്ങള്‍ വാങ്ങി ഉപയോഗിച്ചതിന് ചെതലയം തൈത്തൊടിയില്‍ അബ്ദുല്‍ സലാം (21), ആറാംമൈല്‍ കുതൊടിയില്‍ തുഷാര്‍ (19) എന്നിവരുമാണ് അറസറ്റിലായത്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം രഹസ്യമായി പോലീസ് തുടരുന്നുണ്ട്. നാട്ടില്‍ തന്നെയുള്ള പ്രതികള്‍ മുങ്ങാതിരിക്കാനാണ് രഹസ്യമായ അന്വേഷണം. 

അന്വേഷണത്തിന്റെ തുടക്കം ഇങ്ങനെ: ഈ മാസം 18ന് സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റോഡിലെ ചെതലയത്ത് ആഡംബര ബൈക്കുകളുടെ റെയ്‌സിങ് നടന്നിരുന്നു. അപകടകരമാംവിധത്തില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ഈ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. റെയ്‌സിങിന് ഉപയോഗിച്ച ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ആ ബൈക്ക് ഓടിച്ച അബ്ദുള്‍സലാമിനെ ചോദ്യം ചെയ്തു. 

അന്തര്‍സംസ്ഥാന മോഷണ സംഘത്തില്‍ നിന്ന് ഇയാള്‍ വാങ്ങിയ ബൈക്കായിരുന്നു ഇത്. തുടര്‍ന്ന് മോഷണസംഘത്തെയും വലയിലാക്കി. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു. ഇവിടെ യശ്വന്ത്പുര എന്ന സ്ഥലത്ത് നിന്ന് ഒരു മാസം മുമ്പ് നാലുപേരടങ്ങിയ സംഘം മൂന്ന് തവണയായി ആറ് ബൈക്കുകള്‍ മോഷ്ടിച്ചതായും ഇവ കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളില്‍ വില്‍പ്പന നടത്തിയതായും വിവരം ലഭിച്ചു. റോഡരികിലും വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ മുമ്പില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ വിധഗ്ദ്ധമായി ഹാന്റില്‍ ലോക്ക് പൊട്ടിച്ച് ഇലക്ട്രിക് കേബിളുകള്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചുവരികയായിരുന്നു ഇവരുടെ രീതി. 

ബൈക്കുകള്‍ മോഷണം പോയെന്ന് കാണിച്ച് ഉടമകള്‍ കര്‍ണാടകയില്‍ മഡിവാല, നരസിംഹരാജ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയതായും കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ടെത്തി. സംഘത്തിലുള്ള ഷിയാസ്, ഇഷാന്‍ എന്നിവരുടെ പേരില്‍ ലഹരിമരുന്ന് കേസുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ജോസിനും മറ്റൊരു കേസില്‍ പ്രതിയായിട്ടുണ്ട്. ബത്തേരി സി.ഐ എം.ഡി. സുനില്‍, എസ്.ഐമാരായ എന്‍. അജീഷ്‌കുമാര്‍കുമാര്‍, കെ.സി. മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം
'കേരളത്തിന്റെ അഭിമാനം'; റോഡില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ