
തൃശൂർ: എങ്ങണ്ടിയൂർ തച്ചാട് വീട്ടിൽ ഇനി അനാമികയുടെ കളികളോ പൊട്ടിച്ചിരിയോ കൊഞ്ചലോ സഹോദരങ്ങളോടുള്ള കൊച്ചുകൊച്ചു വഴക്കുകളോ ഇല്ല. മുത്തച്ഛനോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന അവളെ വിധി ഒരു പാമ്പിൻ കുഞ്ഞിൻ്റെ രൂപത്തിലെത്തി കവർന്നു. തളിക്കുളം പത്താംകല്ല് സി.എം.എസ്.യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇടശ്ശേരി സി. എസ്. എം. സ്കൂളിന് കിഴക്ക് പുളിയംതുരുത്ത് വാടകക്ക് താമസിക്കുകയായിരുന്നു അനാമികയും കുടുംബവും. കൂലിപ്പണിക്കാരനായ നന്ദുവും ഭാര്യ ലക്ഷ്മിയും അനാമികയടക്കം മൂന്ന് മക്കൾക്കൊപ്പം താമസിച്ച ഷീറ്റ് വിരിച്ച ഷെഡ് വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ കണ്ട പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നിരുന്നു. എന്നാൽ പ്രദേശത്ത് കൂടുതൽ പാമ്പുകളുണ്ടാകുമെന്ന് ഇവർ സംശയിച്ചില്ല. ചൊവ്വാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാകാം അനാമികയെ പാമ്പ് കടിച്ചതെന്നാണ് ഇപ്പോഴത്തെ സംശയം.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം മുത്തച്ഛന്റെ കൂടെ ഉറങ്ങാൻ കിടന്നതായിരുന്നു അനാമിക. രാത്രി ഉറക്കത്തിൽ കുഞ്ഞിനെ പാമ്പ് കടിച്ചെന്നാണ് സംശയം. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കാല് വേദനിക്കുന്നു, വയറു വേദനിക്കുന്നുവെന്ന് പറഞ്ഞ് കുഞ്ഞ് കരഞ്ഞു. മാതാപിതാക്കൾ ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. വയറുവേദനയ്ക്ക് മരുന്ന്, കാലിൽ പുരട്ടാൻ ഓയിൽമെന്റ് എന്നിവ കൊടുത്തു. കുറച്ചുനേരം നിരീക്ഷണത്തിൽ ഇരുത്തിയ ശേഷം വീട്ടിലേക്ക് മടക്കി.
വ്യാഴാഴ്ച രാവിലെ ക്ഷീണിതയായതോടെ ചാവക്കാട് ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോയി. രണ്ടുതവണയും പാമ്പ് കടിച്ചതിൻ്റെ അടയാളം കാണാൻ കഴിഞ്ഞില്ല. എന്നാൽ കുട്ടിയുടെ നില മോശമായതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിലാണ് അണലി പാമ്പിൻ്റെ വിഷം ശരീരത്തിനുള്ളിൽ വ്യാപിച്ചതായി തെളിഞ്ഞത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടി അന്ന് രാത്രി മരിച്ചു.
ഏങ്ങണ്ടിയൂർ പുളിഞ്ചോട് താമസിച്ചിരുന്ന നിർധന കുടുംബം നാലു മാസം മുമ്പാണ് പുളിയംതുരുത്തിൽ എത്തി വാടകയ്ക്ക് താമസം തുടങ്ങിയത്. അനാമികയുടെ വേർപ്പാട് സ്കൂളിനേയും നാട്ടുകാരേയും ബന്ധുക്കളേയും കണ്ണീരിലാഴ്ത്തി. അതേ സമയം കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായി. രുന്നതായും പറയുന്നു. അനാമികയുടെ വേർപാടിനെ തുടർന്ന് സ്കൂളിന് ഇന്നലെ അവധി നൽകി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വൈകീട്ട് വിദ്യാലയത്തിൽ പൊതുദർശനത്തിനു വച്ചു. സഹോദരങ്ങൾ: ശ്രിഗ, അദ്വിത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam