
മലപ്പുറം: പാമ്പ് ഭീതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാശുപത്രി. മൂന്ന് ദിവസത്തിനിടെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടിച്ചത്. ഇതിന് പിന്നാലെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു.
മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് പെരിന്തല്‍മണ്ണ ജില്ലാശുപത്രി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് രോഗികളെ പ്രവേശിപ്പിച്ച സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വാര്‍ഡിനോട് ചേര്‍ന്ന വരാന്തയിലുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ജീവനക്കാരും ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. ഈ സാധ്യത കണക്കിലെടുത്ത് സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു.
എട്ട് രോഗികള്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ കിടത്തി ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവരെ ഇവിടെ നിന്നും മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. സര്‍ജിക്കല്‍ വാര്‍ഡ് കുറച്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടഞ്ഞ് കിടക്കുന്ന ഓപ്പറേഷന്‍ വാര്‍ഡിലും പാമ്പിന്‍ കുട്ടികള്‍ ഉണ്ടായിരുന്നു. നിലത്ത് പാകിയ ടൈലുകള്‍ക്കിടയില്‍ മാളങ്ങളുള്ള നിലയിലാണ്. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. വരാന്തയിലെയും പരിസരത്തെയും മാളങ്ങള്‍ അടച്ചു തുടങ്ങിയെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ദ്വാരങ്ങളുള്ള ടൈലുകള്‍ ഉടന്‍ പൊളിച്ച് നീക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം, കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചത് ചര്‍ച്ചയായിരുന്നു. മകളുടെ പ്രസവാവശ്യത്തിന് എത്തിയ ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്.സംഭവത്തിന് പിന്നാലെ പാമ്പ് പിടുത്തക്കാരെ എത്തിച്ചു ആശുപത്രിയിൽ പരിശോധന നടത്തി. രോഗിയുടെ ബന്ധുവിനെ കടിച്ച പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു.
Also Read: താലൂക്ക് ആശുപത്രി പേ വാർഡിൽ വിഷപ്പാമ്പ്; തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ കടിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam