പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി.
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചു. മകളുടെ പ്രസവാവശ്യത്തിന് എത്തിയ ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്.സംഭവത്തിന് പിന്നാലെ പാമ്പ് പിടുത്തക്കാരെ എത്തിച്ചു ആശുപത്രിയിൽ പരിശോധന നടത്തി. രോഗിയുടെ ബന്ധുവിനെ കടിച്ച പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. .
ഗര്‍ഭിണിയായ മകൾക്ക് കൂട്ടിരിപ്പുകാരിയായി ആശുപത്രിയിൽ എത്തിയ ലതയെ ഇന്നലെ രാത്രി 12 മണിയോടെ ആണ് പാമ്പ് കടിച്ചത്. നിലത്തു കിടന്ന ലതയുടെ കൈത്തണ്ടയിൽ ആണ് കടിയേറ്റത്. ഇവരെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ മുറിയിൽ നടത്തിയ പരിശോധനയിൽ അണലിയുടെ കുഞ്ഞിനെ കണ്ടെത്തിയിരുന്നു. പാമ്പിൻ കുഞ്ഞായതിനാൽ കൂടുതൽ വിഷമേറ്റിട്ടില്ല. ലതയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് താലൂക്ക് ആശൂപത്രി സൂപ്രണ്ട് അറിയിച്ചു. നിലവില്‍ മുറിക്ക് പുറത്തേക്കുള്ള വാതില്‍ ഭാഗത്ത് താഴെ ഭാഗത്ത് ഷീറ്റ് അടക്കമുള്ളവ പിടിപ്പിക്കുമെന്നും പുറത്ത് നിന്ന് ഇഴജന്തുക്കള്‍ കെട്ടിടത്തിനകത്ത് കടക്കാനുള്ള സാധ്യത ഒഴിവാക്കുമെന്നും താലൂക്ക് ആശൂപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
കണ്ടെത്തിയത് അണലിയുടെ കുഞ്ഞായതിനാൽ കൂടുതൽ പാമ്പുകൾ ഉണ്ടാകാൻ സാധ്യത മുന്നിൽ കണ്ട് സ്ഥലത്ത് പരിശോധന നടത്തി. പാമ്പ് പിടുത്തക്കാരെ അടക്കം എത്തിച്ചായിരുന്നു പരിശോധന. ഏതാനും ദിവസം മുൻപാണ് ആശുപത്രി പരിസരം വൃത്തിയാക്കിയതെന്നും ആശുപത്രി പരിസരം വൃത്തിയാക്കി വെക്കാറുണ്ടെന്നും
തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പറഞ്ഞു. പാമ്പ് കടിയേറ്റ ലതയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

