
കോഴിക്കോട്: സമസ്ത നേതാവിന്റെ പരാമർശത്തിനെതിരെ തട്ടം നീക്കി പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തക വി പി സുഹ്റ. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടിയിലായിരുന്നു സാമൂഹ്യ പ്രവർത്തക വി പി സുഹ്റ പ്രതിഷേധിച്ചത്. പരിപാടിയിൽ അതിത്ഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്റ് അക്രമാസക്തനായി. പിടിഎ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയരുന്നുണ്ട്. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകി.
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയാണ് താൻ പ്രതിഷേധിച്ചതെന്ന് വി പി സുഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നാണ് ഉമ്മർ ഫൈസി വിശേഷിപ്പിച്ചതെന്ന് സുഹ്റ പറഞ്ഞു. അതിനിടയാണ് പിടിഎ പ്രസിഡണ്ട് തനിക്കെതിരെ രംഗത്തെത്തിയത്. ഇയാൾ തന്നെ അധിക്ഷേപിച്ചെന്നും വി പി സുഹ്റ പറയുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിപിഎം തട്ടം വിവാദത്തിൽ നിന്ന് പിന്നോട്ട് പോയതെന്നും വി പി സുഹ്റ വിമര്‍ശിച്ചു.
അതേസമയം, തട്ടം വിവാദത്തിൽ ലീഗിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സമസ്തയിലെ ലീഗനുകൂല നേതാവിന്റെ ചുവട് മാറ്റം. വിവാദത്തിൽ തുടക്കം മുതൽ ലീഗിനൊപ്പം നിന്ന അബ്ദുസമദ് പൂക്കോട്ടൂരാണ് ഇന്ന് ജനറൽ സെക്രട്ടറി പിഎം എ സലാമിനെതിരെ രംഗത്തെത്തിയത്. പിഎംഎ സലാം സമസ്ത അധ്യക്ഷനെതിരെ വിമർശനം നടത്തിയപ്പോൾ അതിനെതിരെ സംഘടനാനേതാക്കൾ ലീഗ് ജനറൽസെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് കത്തയച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ ഒപ്പ് വെക്കാതെ മാറി നിന്ന അബ്ദുസമദ് പൂക്കോട്ടുരാണിപ്പോൾ സലാമിന് വീഴ്ച പറ്റിയെന്ന നിലപാടുമായി മുന്നോട്ട് വന്നത്.
തട്ടം വിവാദത്തിൽ പ്രതികരിക്കാതിരുന്ന സമസ്ത നേതാക്കളെ സിപിഎം പക്ഷപാതികളായി മുദ്രകുത്താൻ ലീഗ് നേതാക്കൾ ശ്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണം സമസ്തയിലെ ലീഗ് വിരുദ്ധർ ഒറ്റക്കെട്ടായി രംഗത്ത് വരികയായിരുന്നു. സമസ്ത നേതൃത്വത്തിന്റെ അറിവോടെയുള്ള ഈ നീക്കം ശക്തമായതോടെ സംഘടനയിലെ ലീഗ് ചേരിക്ക് നിവൃത്തിയില്ലാതായി. ജിഫ്രിതങ്ങളെ ലീഗ് നേതാവ്എ ആക്ഷേപിച്ചു എന്ന വൈകാരിക പ്രശ്നം ഉയർത്തിയതോടെ സമസ്തയ്കുള്ളിൽ വീണ്ടും ലീഗ് വിരുദ്ധ നീക്കം ശക്തമായി. സലാമിനെ നീക്കണം അല്ലെങ്കിൽ പരസ്യമായി തള്ളിപ്പറയണം എന്നാണ് സമസ്തയുടെ ആവശ്യം. സമസ്ത ഇടതുപക്ഷത്തേക്ക് നീങ്ങാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടായിരിക്കണം ഇക്കാര്യത്തിൽ ലീഗിന്റെ അടുത്ത നീക്കം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam