ട്വന്‍റി ട്വന്‍റി മാതൃക തിരുവനന്തപുരത്തും; തിരുവനന്തപുരത്ത് മൂന്ന് മുന്നണികൾക്കുമെതിരെ മത്സരിക്കും

By Web TeamFirst Published Sep 9, 2020, 6:16 AM IST
Highlights

ആദാനി ഗ്രൂപ്പിന് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് നൽകിയതിൽ വിവാദം കനക്കുമ്പോഴും, സ്വകാര്യവത്കരണത്തിന് പൂർണ പിന്തുണയുമായി രംഗത്തെത്തിയ കൂട്ടായ്മയാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്.

തിരുവനന്തപുരം: വിമാനത്താവളത്തിന്‍റെ സ്വകാരവത്കരണത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയ ജനകീയ കൂട്ടായ്മ രാഷ്ട്രീയത്തിലേക്ക്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മൂന്ന് മുന്നണികൾക്കും എതിരെ മത്സരിക്കാനാണ് തീരുമാനം. വിമാനത്താവളം ഉൾപ്പടെയുള്ള വികസന വിഷയങ്ങൾ ഉയർത്തി കാട്ടി പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ് കൂട്ടായ്മ.

ആദാനി ഗ്രൂപ്പിന് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് നൽകിയതിൽ വിവാദം കനക്കുമ്പോഴും, സ്വകാര്യവത്കരണത്തിന് പൂർണ പിന്തുണയുമായി രംഗത്തെത്തിയ കൂട്ടായ്മയാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്.കിഴക്കമ്പലം ട്വന്‍റി ട്വന്‍റി മാതൃകയിൽ മത്സരിക്കാനാണ് ആലോചന. തിരുവനന്തപുരത്തിന്‍റെ വികസനലക്ഷ്യങ്ങളുമായി ഒപ്പം നിൽക്കുന്നവരിൽ നിന്ന് മികച്ച സ്ഥാനാർത്ഥികളെ തീരുമാനിക്കും.

വികസനത്തിന് എതിര് നിൽക്കുന്നവരെ തോൽപ്പിക്കൂ എന്ന മുദ്രാവാക്യവുമായാണ് പ്രചാരണത്തിന് ഒരുങ്ങുന്നത്. തിരുവനന്തപുരം വിമാനത്താവള വികസനം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുമ്പോൾ തലസ്ഥാന നഗരത്തോട് പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ തുരങ്കം വയ്‌ക്കുന്നുവെന്നാണ് കൂട്ടായ്‌മയുടെ പ്രധാന ആരോപണം.

തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ്, ടെക്നോപാര്‍ക്കിലെ ഐ.ടി കമ്പനികളുടെ സംഘടനയായ ജി ടെക്, ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്‍, പ്രൊഫഷണലുകളായ യുവാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനകീയ കൂട്ടായ്‌മ. നഗരവാസികൾക്കിടയിൽ സ്വാധീനമുള്ള നിരവധി സംഘടനകളും ഭാഗമാണെന്ന് കൂട്ടായ്മ അവകാശപ്പെടുന്നു.
 

click me!