
ഫറോക്ക്: കോഴിക്കോട് ഫറോക്ക് പഴയ പാലം ദീപാലംകൃതമാക്കാനായി ഘടിപ്പിച്ച സോളാർ പാനലുകൾ പ്രവർത്തന രഹിതം. കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോയ സമയങ്ങളിലടക്കം ദിനം പ്രതി 18000 വാട്ട്സ് വൈദ്യുതിയാണ് ദീപം തെളിയിക്കാൻ ഉപയോഗിച്ചത്. ഉദ്ഘാടനസമയത്ത് ഘടിപ്പിച്ച സോളാർ പാനലുകൾ ലോറിയിൽ തട്ടിയതോടെയാണ് തകരാറിലായത്.
1.6 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പും വിനോദ സഞ്ചാരവകുപ്പും ചേർന്ന് നടപ്പാക്കിയ പദ്ധതി. സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലം ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ ജനുവരി 15 നാണ്. ഭംഗിയുള്ള കാഴ്ചയ്ക്ക് വേണ്ട വൈദ്യുതിക്കായി പാലത്തിന്റെ കവാടത്തിൽ സോളാർ ഘടിപ്പിച്ചെങ്കിലും ഇതുവരെ പ്രവർത്തിപ്പിച്ചിട്ടില്ല. കഴിഞ്ഞ ആറുമാസമായി ദിനവും മണിക്കൂറുകളോളം പാലം മിന്നി കത്തുന്നത് 18000 വാട്ട്സ് കരണ്ടിലാണ്.
വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ജനങ്ങളെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ബോധവൽക്കരിക്കുന്ന കെഎസ്ഇബി ഈ അമിതോപഭോഗം കണക്കിലെടുത്തിട്ടില്ല. കടുത്ത വൈദ്യുത പ്രതിസന്ധിയുടെ കാലത്തിലൂടെ കേരളം കടന്നു പോകുമ്പോഴടക്കം ഈ ദുർചെലവ് തുടർന്നു.
പൊതുജനങ്ങൾക്ക് വന്നിരിക്കാൻ പ്രത്യേക ഇടവും കുട്ടികൾക്ക് പാർക്കും പദ്ധതിയുടെ ഭാഗമായൊരുക്കിയിരുന്നു. വിനോദ സഞ്ചാരത്തിന് ഊർജം പകരുന്ന ഇത്തരമിടങ്ങൾ അനിവാര്യമെങ്കിലും പീക്ക് അവറുകളിൽ പാലത്തിൽ ലൈറ്റിട്ട് ഊർജം കളയുന്നതിലർത്ഥമില്ലെന്നാണ് നാട്ടുകാർക്കും പറയാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam