വഴി പറഞ്ഞുകൊടുത്തവര്‍ ചതിച്ചു; പണി കിട്ടി, വഴിയില്‍ കുടുങ്ങി കണ്ടെയ്നര്‍

By Web TeamFirst Published Jan 22, 2021, 1:24 PM IST
Highlights

വഴി പറഞ്ഞ് കൊടുത്തയാള്‍ മാന്നാര്‍, കായംകുളം വഴി പോകാനാണ് നിര്‍ദ്ദേശിച്ചത്. ഒട്ടേറെ വളവുകളും തിരിവുകളും നിറഞ്ഞ വഴിയിലൂടെയാവും പോകേണ്ടി വരികയെന്ന് വലിയ വാഹനവുമായി എത്തിയ ഡ്രൈവറും കരുതിയില്ല. 

മാന്നാർ: പൂനെയില്‍ നിന്ന് വന്ന കണ്ടെയ്നറിന് കൊല്ലത്തേക്ക് വഴി പറഞ്ഞുകൊടുത്തവര്‍ കൊടുത്തത് മുട്ടന്‍ പണി. കഴിഞ്ഞ മാസം പൂനെയില്‍ നിന്ന് ഹ്യുണ്ടയ് കാറുകളുമായി കോട്ടയത്ത് വന്ന കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ കൊല്ലത്തേക്ക് പോകാനുള്ള വഴി ചോദിച്ചത് ചങ്ങനാശ്ശേരിയില്‍ വച്ചാണ്. കൊല്ലത്തെ ഷോറൂമിലേയ്ക്ക് കാറുകള്‍ ഇറക്കാന്‍ വേണ്ടിയുള്ള ആ യാത്ര ചില്ലറ പണിയല്ല കണ്ടെയ്നറിന് നല്‍കിയത്. 

വഴി പറഞ്ഞ് കൊടുത്തയാള്‍ മാന്നാര്‍, കായംകുളം വഴി പോകാനാണ് നിര്‍ദ്ദേശിച്ചത്. ഒട്ടേറെ വളവുകളും തിരിവുകളും നിറഞ്ഞ വഴിയിലൂടെയാവും പോകേണ്ടി വരികയെന്ന് വലിയ വാഹനവുമായി എത്തിയ ഡ്രൈവറും കരുതിയില്ല. കഴിഞ്ഞ ദിവസം രാവിലെ അഞ്ച് മണിയോടെയാണ് കണ്ടെയ്നര്‍ ലോറി മാന്നാറിലെ സ്റ്റോര്‍ മുക്കിലെത്തിയത്. ചെറിയ റോഡിലെ വളവുകളും തിരിവുകളും വൈദ്യുതി ലൈനുമെല്ലാം ചില്ലറ ബുദ്ധിമുട്ടല്ല ഉണ്ടാക്കിയതെന്നാണ് ഡ്രൈവറുടെ പ്രതികരണം. 

ഇനിയുള്ളതും സമാനമായ പാതയായതിനാല്‍ പൊലീസ് കെഎസ്ഇബി അധികാരികളുമായി  ബന്ധപ്പെട്ടിരുന്നു. ഇത്രവലിയ വാഹനത്തിന് ഈ വഴി പോകല്‍ ബുദ്ധിമുട്ടാണെന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്. ഇതോടെ കണ്ടെയ്നര്‍ ലോറി സ്റ്റോർമുക്ക് ജംഗ്ഷനിലെ സിഗ്നലിനടുത്തു പാർക്ക് ചെയ്യുകയായിരുന്നു. കമ്പനിയിൽ നിന്നും ആളെത്തിയാൽ മാത്രമേ ഇനി തിരിച്ചു ഹൈവേയിലൂടെ കൊല്ലത്തേക്ക് യാത്ര തുടരുവാൻ സാധിക്കൂവെന്നാണ് ഡ്രൈവറും പറയുന്നത്. എന്തായാലും കൊല്ലത്തേക്കുള്ള കണ്ടെയ്നറിന്‍റെ ബാക്കിയുള്ള യാത്ര സുഗമമാവില്ലെന്നാണ് സൂചന. 

click me!