
മലപ്പുറം: സ്വത്തിനായി വയോധികയായ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. കല്‍പകഞ്ചേരി ചെറവന്നൂര്‍ വളവന്നൂര്‍ വാരിയത്ത് മൊയ്തീന്‍കുട്ടിയെയാണ് (56) മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എം തുഷാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2016 മാര്‍ച്ച് 21 ന് വൈകീട്ട് ആറരക്കായിരുന്നു സംഭവം. വാരിയത്ത് അബ്ദുറഹിമാന്‍റെ ഭാര്യ പാത്തുമ്മയാണ് (75) കൊല്ലപ്പെട്ടത്.
പാത്തുമ്മയുടെ ഏകമകനാണ് പ്രതി മൊയ്‌ദീൻ കുട്ടി. പിതാവിന്‍റെ പേരിലുള്ള സ്വത്ത് വിറ്റ ശേഷം സ്വന്തം പേരില്‍ വസ്തു വാങ്ങിയ മൊയ്തീന്‍കുട്ടി മാതാവ് പാത്തുമ്മയെ വീട്ടില്‍ നിന്നിറക്കി വിടുകയായിരുന്നു. തുടര്‍ന്ന് പല വീടുകളിലായി താമസിച്ചുവരുകയായിരുന്ന പാത്തുമ്മ മകനില്‍നിന്ന് ചെലവിന് കിട്ടണമെന്നാവശ്യപ്പെട്ട് തിരൂര്‍ കുടുംബ കോടതിയെ സമീപിച്ചു. അദാലത്തില്‍ ഇരുവരും ഹാജരാവുകയും മാതാവിനെ സംരക്ഷിക്കാമെന്ന കരാറില്‍ മൊയ്തീന്‍കുട്ടി ഒപ്പുവെക്കുകയും ചെയ്തു. ഇവിടെനിന്ന് മടങ്ങും വഴി ചോലക്കല്‍ ഇടവഴിയില്‍ വെച്ച് മൊയ്തീന്‍കുട്ടി മാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.
കല്പകഞ്ചേരി സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ വിശ്വനാഥന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ ജി സുരേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി വാസു, അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ബാബു എന്നിവര്‍ ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ സബിത പ്രോസിക്യൂഷനെ സഹായിച്ചു. രണ്ടാം സാക്ഷി കരീമിന്റേയും കൊല്ലപ്പെട്ട പാത്തുമ്മക്കുവേണ്ടി തിരൂര്‍ കുടുംബ കോടതിയില്‍ ഹാജരായ അഡ്വ. ഇസ്മയിലിന്‍റെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam