
കോഴിക്കോട്: പിതാവിന്റെ മരണത്തില്‍ മകന്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി മുഹമ്മദിന്റെ(58) മൃതദേഹമാണ് പൊലീസ് സാനിദ്ധ്യത്തില്‍ പുറത്തെടുത്തത്. മകന്‍ മുഫീദാണ് പൊലീസില്‍ പരാതി നല്‍കിയത്.
27 വര്‍ഷമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു മുഹമ്മദ്. കഴിഞ്ഞ മാസം 26നാണ് ഇയാള്‍ മരിച്ചത്. അയല്‍വാസിയാണ് വീട്ടിലെ കസേരയില്‍ മരിച്ച നിലയില്‍ മുഹമ്മദിനെ കണ്ടത്. തുടര്‍ന്ന് സഹോദരന്‍ ഇസ്മയിലിനെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറെ എത്തിച്ച് മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ഖബറടക്കുകയായിരുന്നു.
പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മകന്‍ മുഫീദ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്. വടകര ആര്‍ഡിഒ അന്‍വര്‍ സാദത്തിന്റെ സാനിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നല്‍കിയതെന്ന് മകന്‍ മുഫീദ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.