ഒറ്റമുറിയിലെ ദുരിതം; മകന്‍ അടുക്കള പൂട്ടി ഉപേക്ഷിച്ചുപോയി, കിടപ്പുമുറിയും കുളിമുറിയും അടുക്കളയാക്കി അമ്മ

By Web TeamFirst Published Jun 13, 2020, 9:41 AM IST
Highlights

ഫെബ്രുവരി 24 രാത്രി താഴത്തെ നിലയില്‍നിന്ന് മുകളിലേക്കുള്ള വഴി മകൻ അടച്ചു. മകനും കുടുംബവും വീട് വിട്ട് എറണാകുളത്തേക്ക് മാറി. അമ്മയോട് ഒരുവാക്ക് പോലും പറയാതെ...

കൊച്ചി: മക്കളുടെ സ്നേഹവും കരുതലും കിട്ടാതെ സങ്കടപ്പെടുന്ന ഒരുപാട് മാതാപിതാക്കളുണ്ട് നമുക്ക് ചുറ്റും. അത്തരമൊരു അനുഭവമാണ് കോതമംഗലം കോട്ടപ്പടിയിലെ 70കാരിയായ സാറാ മത്തായിക്കും പറയാനുള്ളത്. അടുക്കള ഉള്‍പ്പെടെ പൂട്ടി മകൻ വീട് വിട്ട് പോയി. കിടപ്പുമുറിതന്നെ അമ്മക്ക്  അടുക്കളയാക്കേണ്ടി വന്നു. ശുചിമുറിയില്‍നിന്ന് വെള്ളമെടുത്താണ് ഈ അമ്മ ഇപ്പോള്‍ ഭക്ഷണം ഉണ്ടാക്കുന്നത്.

2004 മുതല്‍ സാറാ മത്തായിയും ഏകമകൻ അജുവും ഭാര്യയും രണ്ട് മക്കളും താമസിച്ചുവന്നത് കോതമംഗലത്തെ കോട്ടപ്പടിയിലെ വീട്ടിലായിരുന്നു. താഴത്തെ നിലയില്‍ നിലവറയ്ക്ക് സമാനമായ സെല്ലാറിലായിരുന്നു അമ്മയുടെ ജീവിതം. പക്ഷേ അവര്‍ക്ക് അതിലൊന്നും പരാതിയില്ലായിരുന്നു. ഫെബ്രുവരി 24 രാത്രി താഴത്തെ നിലയില്‍നിന്ന് മുകളിലേക്കുള്ള വഴി മകൻ അടച്ചു. നിസഹായതയോടെ നോക്കി നില്‍ക്കാനെ ഈ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ.

മുകളിലെ നിലയില്‍ താമസിച്ചിരുന്ന മകൻ പിന്നെ അമ്മയെ തിരിഞ്ഞുനോക്കാതായി. ഏറെ താമസിയാതെ അമ്മയോട് ഒരു വാക്കുപോലും പറയാതെ മകനും കുടുംബവും വീട് വിട്ട് എറണാകുളത്തേക്ക് മാറി.ഇതോടെ സാറ താഴത്തെ നിലയിലെ മുറി താല്‍ക്കാലിക അടുക്കളയാക്കി.  

ഈ അമ്മയുടെ ദുരിതം അറിഞ്ഞ കോട്ടപ്പടി പൊലീസ് വീട്ടിലെത്തി. എന്നാല്‍ പരാതിയില്ലെന്ന് പറഞ്ഞ് മടക്കിയയക്കുകയാണ് സാറ ചെയ്തത്. എറണാകുളത്തുള്ള അജുവിനെ ഏഷ്യാനെറ്റ് ന്യൂസ് ഫോണില്‍ വിളിച്ചെങ്കിലും തിരക്കാണെന്ന് പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി. തിരിഞ്ഞുനോക്കാതെ പോയ മകന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് 70കാരിയായ ഈ അമ്മ ഇപ്പോഴും.

click me!