പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സൂചിപ്പാറ തുറന്നു; സഞ്ചാരികളുടെ തിരക്ക്

By Web TeamFirst Published Aug 26, 2021, 10:55 AM IST
Highlights

വനംവകുപ്പിന് കീഴിലാണ് സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഓണാവധിയായത് കൊണ്ട് തന്നെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തൊള്ളായിരംകണ്ടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തിയത്.
 

കല്‍പ്പറ്റ: ഹൈക്കോടതി വിധിയുണ്ടായിട്ടും അടച്ചിട്ടിരുന്നു മേപ്പാടിയിലെ സൂചിപ്പാറ വെള്ളച്ചാട്ടം ഒടുവില്‍ സഞ്ചാരികള്‍ക്കായി തുറന്നു. പ്രവേശിപ്പിക്കേണ്ട സഞ്ചാരികളുടെ എണ്ണം സംബന്ധിച്ച കേസ് ഒരാഴ്ച മുമ്പ് ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. ഇത് പ്രകാരം ദിവസം 1200 സഞ്ചാരികളെ വരെ അനുവദിക്കാം. എന്നാല്‍ വിധി വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും വെള്ളച്ചാട്ടം തുറക്കാത്തതിനെതിരെ കച്ചവടക്കാര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തി. 

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ 12മുതല്‍ ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നെങ്കിലും സൂചിപ്പാറ ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡ് കണ്ടെയിന്‍മെന്റ് സോണായിരുന്നു. എന്നാല്‍ ഇതേ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിനോദസഞ്ചാരകേന്ദ്രമായ തൊള്ളായിരകണ്ടിയില്‍ ദിനംപ്രതി നൂറുകണക്കിന് സന്ദര്‍ശകരെത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. മാത്രമല്ല ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒമ്പതാം വാര്‍ഡിനെ കണ്‍ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 12-ന് മേപ്പാടി ഗ്രാമപ്പഞ്ചായത്ത് കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. 

വനംവകുപ്പിന് കീഴിലാണ് സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഓണാവധിയായത് കൊണ്ട് തന്നെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തൊള്ളായിരംകണ്ടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തിയത്. എന്നാല്‍ സൂചിപ്പാറ അടച്ചിട്ടതിനാല്‍ മികച്ച വരുമാനമാണ് നഷ്ടമായത്. അതേസമയം കേന്ദ്രം തുറന്ന ബുധനാഴ്ച നിരവധി സഞ്ചാകികളാണ് വെള്ളച്ചാട്ടം കാണാനെത്തിയത്. ഉച്ചവരെയുള്ള കണക്ക് പ്രകാരം 300 സന്ദര്‍ശകര്‍ ഇവിടെയെത്തി. രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ് സഞ്ചാരികളുടെ പ്രവേശനസമയം. മുതിര്‍ന്നവര്‍ക്ക് 59 രൂപയും വിദ്യാര്‍ഥികള്‍ക്ക് 25 രൂപയുമാണ് ഇപ്പോഴുള്ള ഫീസ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!