വയനാട്ടിൽ കടുവകളുടെ പ്രജനന കാലമായതിനാലും വേനൽ കനക്കുന്നതിനാലും വന്യജീവി സങ്കേതത്തിന് സമീപം താമസിക്കുന്നവർക്ക് കേരള വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ ജനങ്ങളോട് പാലിക്കാനും വകുപ്പ് അഭ്യർത്ഥിച്ചു.
മഴക്കാലം കഴിഞ്ഞു ഇനി മഞ്ഞുകാലമാണ്. വയനാടൻ മലനിരകൾ പുലർകാലങ്ങളിൽ മഞ്ഞ് പുതച്ച് കിടക്കുന്നു. അതിരാവിലെ പാൽക്കാരും പത്രക്കാരും റബ്ബർ വെട്ടുകാരും കോടമഞ്ഞിനിടയിലും പ്രവർത്തന നിരതരായിരിക്കും. വരാനിരിക്കുന്നത് വരൾച്ചയുടെ വേനൽക്കാലമാണ്. ഇത്തവണ വേനൽ കനക്കുമോയെന്ന് കണ്ടറിയണം. വേനൽ കനത്താൽ വന്യമൃഗ ശല്യം വർദ്ധിക്കും. വേനലിന് മുന്നേ മുന്നറിയിപ്പുമായി കേരളാ വനം വകുപ്പെത്തി. മാത്രമല്ല, ഈ സമയം കടുവകളുടെ പ്രജനന കാലം കൂടിയാണ്. ഇത് മനുഷ്യനെ കണ്ട് ഭയന്നുള്ള അക്രമണങ്ങൾക്ക് കടുവകളെ പ്രേരിപ്പിക്കും. അതിനാല്‍ വയനാട് വന്യജീവി സങ്കേതത്തിന് ഉള്ളിലും അതിർത്തി പ്രദേശങ്ങളിലും താമസിക്കുന്ന തദ്ദേശിയരായ വനാസൃത സമൂഹവും പൊതുജനങ്ങളുവും ഏറം ശ്രദ്ധിക്കണമെന്ന് കേരള വനം വന്യജീവി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇവ ശ്രദ്ധിക്കുക
- അതി രാവിലെയും, രാത്രിയിലും വനപ്രദേശങ്ങളിൽ കൂടി ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കുക.
- വനത്തിലൂടെ നടക്കുന്ന സമയത്ത് ചെറിയ ശബ്ദമുണ്ടാക്കി നടക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ ശബ്ദമുണ്ടാക്കി നടക്കുന്നത് വന്യജീവികളുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച ഒഴിവാക്കാൻ സഹായിക്കും.
- വന വിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽ പോകുന്നവർ വൈകുന്നേരത്തിന് മുമ്പ് തന്നെ തിരിച്ചെത്താൻ ശ്രമിക്കുക. ഒപ്പം കാട്ടിലേക്ക് ഒറ്റക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വനത്തിൽ കൂടിയുള്ള യാത്രകൾ ഒഴിവാക്കുക.
- വനാന്തര ഭൂമിയിലേക്ക് കന്നുകാലികളെ മേയ്ക്കാൻ കൊണ്ട് പോകാതിരിക്കുക.
- സ്വകാര്യ ഭൂമിയിലെ അടിക്കാടുകൾ വെട്ടിവൃത്തിയാക്കുക. കാടുമൂടിക്കിടക്കുന്ന സ്വകാര്യ സ്ഥലങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്തിലോ, വനംവകുപ്പിലോ അറിയിക്കുക.
- കന്നുകാലികളെ തൊഴുത്തിൽ തന്നെ കെട്ടുക, കന്നുകാലികളുടെ തൊഴുത്തിൽ രാത്രി കാലങ്ങളിൽ ലൈറ്റ് ഇടുക. സമീപത്തായി തീയിടുക.
- കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വനംവകുപ്പിനെ അറിയ്ക്കണമെന്നും വൈൽഡ് ലൈഫ് വാർഡൻ ആവശ്യപ്പെട്ടു.
വയനാട് ഡിവിഷൻ എമർജെൻസി ഓപ്പറേഷൻ സെന്‍റർ (DEOC) ഫോൺ നമ്പറുകൾ-
വയനാട് വന്യജീവി സങ്കേതം- 9188407547
സൌത്ത് വയനാട് ഡിവിഷൻ- 9188407545
നോർത്ത് വയനാട് ഡിവിഷൻ- 9188407544


