
കോഴിക്കോട്: രാമനാട്ടുകരയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ വന്‍ തീപ്പിടുത്തം. രാമനാട്ടുകര-ഫറോക്ക് റോഡില്‍ കണ്ടായി പെട്രോള്‍ പമ്പിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഓട്ടോ വിന്‍ സ്‌പെയേഴ്‌സ് എന്ന കടയിലാണ് അപകടമുണ്ടായത്. പൂവന്നൂര്‍പള്ളി ചേലനാട്ടുപറമ്പ് ഇന്ദ്രപ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. വെകീട്ട് ഇന്ദ്രപ്രസാദ് കട അടച്ച് പോയതിന് ശേഷം രാത്രി 7.10ഓടെയാണ് തീപിടിത്തമുണ്ടായത്. 30 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചതായി ഇന്ദ്രപ്രസാദ് പറഞ്ഞു. സ്‌പെയര്‍പാര്‍ട്‌സുകളും ഓയില്‍ ഉല്‍പന്നങ്ങളും ഇവിടെയുണ്ടായിരുന്നു. കടയിലെ മുഴുവന്‍ സാധനങ്ങള്‍ക്കും തീപിടിച്ചതിനാല്‍ ജെ.സി.ബി ഉപയോഗിച്ചാണ് തീ അണച്ചത്.
മീഞ്ചന്ത ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സമീപത്തെ സ്ഥാപനത്തിലുണ്ടായിരുന്ന എല്‍.പി.ജി സിലിണ്ടറുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്തതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ സ്‌റ്റേഷന്‍ ഓഫീസര്‍ പി.കെ പ്രമോദ്, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഇ. ശിഹാബുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.