കൊവിഡ് 19: വയനാട്ടില്‍ പ്രായമായവര്‍ക്ക് പ്രത്യേക കരുതല്‍; പട്ടിക തയ്യാറാക്കല്‍ അക്ഷയ വഴി

By Web TeamFirst Published Mar 22, 2020, 7:52 PM IST
Highlights

ജില്ലയില്‍ കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രായമായവര്‍ക്ക് പ്രത്യേക സംരക്ഷണം ഒരുക്കും. ഇതിനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി പട്ടിക തയ്യാറാക്കും.
 

കല്‍പ്പറ്റ: ജില്ലയില്‍ കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രായമായവര്‍ക്ക് പ്രത്യേക സംരക്ഷണം ഒരുക്കും. ഇതിനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി പട്ടിക തയ്യാറാക്കും. തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാനും ആവശ്യമെങ്കില്‍ ഇവരെ പരിശോധിക്കാനും പഞ്ചായത്ത് ഭരണസമിതിയും നഗരസഭകളും മുന്‍ കൈയ്യെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

രോഗം സ്ഥിരീകരിച്ച കുടകിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനായി കോളനികള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കും. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെമെന്റിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ജാഗ്രതാ സമിതികള്‍ ഇതുവരെ 1,80,512 വീടുകള്‍ സന്ദര്‍ശിച്ചു. അടിയന്തിരഘട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നതിനായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ 1832 കട്ടിലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തി ആറ് വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഏഴ് വെന്റിലേറ്ററുകളാണ് നിലവില്‍ സര്‍ക്കാര്‍ മേഖലയിലുള്ളത്. 

കര്‍ണ്ണാടകയില്‍ ജോലിക്ക് പോയവരുടെ കണക്കെടുത്തു

പഞ്ചായത്ത് അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്ന് കര്‍ണ്ണാടകയില്‍ ജോലിക്ക് പോയവരുടെ സ്ഥിതിവിവരങ്ങള്‍ ജില്ലാ ഭരണകൂടം ശേഖരിച്ചു. മൂവായിരത്തോളം കോളനികളാണ് ജില്ലയിലുള്ളത്. ഇതില്‍ 530 കോളനികള്‍  കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. 1677 പേര്‍ ജോലിക്ക് പോയതായി കണ്ടെത്തി. . ഇതില്‍ 883 പേര്‍ തിരികെയെത്തിയതായി വിവരം ലഭിച്ചു.  39 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. കോളനികളില്‍  ബോധവത്കരണ ക്യാമ്പയിനുകള്‍ നടത്തിയതായും കുടുംബശ്രീ മിഷന്‍ അറിയിച്ചു.
 

click me!