കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം സൂക്ഷിക്കാനേല്‍പ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഹോട്ടല്‍ ജീവനക്കാരന് പരിക്കേറ്റു. സ്വര്‍ണം തിരികെ ചോദിച്ചപ്പോള്‍ പലതവണ വാക്കുമാറ്റിയെന്നും ഒടുവില്‍ മുക്കുപണ്ടമാണെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പരാതി 

കോഴിക്കോട്: താമരശ്ശേരിയില്‍ കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് പരിക്ക്. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ പ്രവര്‍ത്തിക്കുന്ന ലൈവ് കഫേ എന്ന ഹോട്ടലിലെ ജീവനക്കാരനായ ബിനേഷ് എന്നയായള്‍ക്കാണ് പരിക്കേറ്റത്. ഉടമ വന്നാല്‍ തിരിച്ചേല്‍പ്പിക്കണം എന്ന് പറഞ്ഞ് ചായക്കടയില്‍ ഏല്‍പ്പിച്ച സ്വര്‍ണാഭരണം ജീവനക്കാരന്‍ സ്വന്തമാക്കി എന്നാരോപിച്ചായിരുന്നു തര്‍ക്കം.

Add Asianetnews as a Preferred SourcegooglePreferred

താമരശ്ശേരി കല്ലുവെട്ടുകുഴി സ്വദേശി നാസറിന് കളഞ്ഞുകിട്ടിയ സ്വര്‍ണം ബിനേഷിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇത് കൈവശം സൂക്ഷിക്കണമെന്നും ലഭിച്ച കാര്യം ചുമരില്‍ എഴുതി ഒട്ടിക്കണമെന്നും ഉടമ വരുമ്പോള്‍ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നാസര്‍ ബിനേഷിനെ സ്വര്‍ണം ഏല്‍പ്പിച്ചത്. ഇടയ്ക്ക് ചെന്ന് അന്വേഷിക്കുമ്പോള്‍ ഉടമ വന്നിട്ടില്ലെന്ന മറുപടിയാണ് ബിനേഷ് നല്‍കിയിരുന്നത് എന്നാണ് നാസര്‍ പറയുന്നത്. പിന്നീട് ആഭരണം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചെന്നായിരുന്നു മറുപടി.

ഇതുപ്രകാരം താന്‍ പോലീസ് സ്റ്റേഷനില്‍ പോയി അന്വേഷിച്ചപ്പോള്‍ പൊലീസുകാര്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന മറുപടി നല്‍കി എന്ന് നാസര്‍ പറയുന്നു. ബിനേഷിനോട് വീണ്ടും കാര്യം അന്വേഷിച്ചപ്പോള്‍ അത് മുക്കുപണ്ടമായതിനാല്‍ കളഞ്ഞു എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് രാത്രിയോടെ ബിനേഷും നാസറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് പരിക്കേറ്റ ബിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ അന്വേഷണം നടത്തിയാലെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരൂ എന്ന് പോലീസ് പറഞ്ഞു.