
തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ക്കായി നാട്ടിന്‍പുറത്ത് താമസവും ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി വേറിട്ട രീതിയില്‍ ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കി സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍.
2017ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ആണ് ‘നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം’ എന്ന സ്‌പെഷ്യല്‍ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പ്രോഗ്രാം. ഇത്തവണ ആകര്‍ഷകമായ മാറ്റങ്ങളോടെ ഈയൊരു പദ്ധതി വിപുലമായി തന്നെ നടപ്പാക്കാനൊരുങ്ങുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍.
താമസസൗകര്യം ഉള്‍പ്പെടെയുള്ള പാക്കേജുകളും പദ്ധതിയുടെ ഭാഗമായുണ്ട്. സെപ്തംബര്‍ ഒന്നു മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന പദ്ധതിയില്‍ നാലുതരം പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.
1. 15 വയസ്സ് വരെ പ്രായമുള്ള 2 കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുംബത്തിന് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു ഓണവിരുന്ന് താമസത്തോടൊപ്പം ഗ്രാമീണ സദ്യയും ഉള്‍പ്പെടെയുള്ള പാക്കേജ്. താമസം യൂണിറ്റിന്റെ കാറ്റഗറി അനുസരിച്ച് 3,000 മുതല്‍ 8,500 രൂപയുടെ വരെയാണ് നിരക്ക്.
2. ഓണസദ്യയുടെ രുചി അറിയാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയ പാക്കേജ്. പരമ്പരാഗത രീതിയിലുള്ള ഓണസദ്യയാണ് അതിഥികള്‍ക്ക് നല്‍കുന്നത്. സദ്യ ഒന്നിന് 150 രൂപമുതല്‍ പരമാവധി 250 രൂപ വരെയാണ് നിരക്ക്.
3. ഗ്രാമ യാത്രകളിലൂടെ പഴമയിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവതരിപ്പിക്കുന്ന പാക്കേജ്. യാത്രയോടൊപ്പം ഓണസദ്യയും ഓണസമ്മാനങ്ങളും നല്‍കുന്നു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വന്തം വാഹനം ഉപയോഗിക്കുന്ന 12 വയസ്സ് വരെ പ്രായമുള്ള രണ്ട് കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുംബത്തിന് 3000 രൂപയാണ് നിരക്ക്.
4. ഇതിനു പുറമേ കേരളത്തിലെ വിവിധ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വ്യത്യസ്‌തമായ ഓണം വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഓരോ ജില്ലകളിലും ഏതൊക്കെ പ്രദേശങ്ങള്‍ ഈ വില്ലേജ് എക്സ്പീരിയന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു എന്നറിയുവാനും ഓരോ പാക്കേജുകളുടെയും വിശദവിവരങ്ങള്‍ മനസിലാക്കുവാനും കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് (https://www.keralatourism.org/responsible-tourism/onam-packages).
വീടുകള്‍, നാടന്‍ റെസ്റ്റോറന്റുകള്‍, കുടുംബശ്രീ റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, അക്രെഡിറ്റഡ് ഹോട്ടലുകള്‍, വഴിയോരക്കടകള്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. അതിനായി ആദ്യം സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ www.keralatourism.org/responsible-tourism/onam-packages/onasadya എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണസദ്യ നല്‍കുന്നതിനായി രജിസ്‌റ്റര്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്ക് fssai-യുടെ സര്‍ട്ടിഫിക്കറ്റോ രജിസ്‌ട്രേഷനോ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam