മൂന്നാറില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കുന്നു; നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡ്

By Web TeamFirst Published Mar 26, 2020, 5:03 PM IST
Highlights

മൂന്നാറില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും അമിത വില ഈടാക്കുന്നതായി പരാതി. മാര്‍ക്കറ്റില്‍ റവന്യൂ  പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തി. വിലകൂട്ടി വില്‍ക്കുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി സബ് കളക്ടര്‍ അറിയിച്ചു.
 

ഇടുക്കി: മൂന്നാറില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും അമിത വില ഈടാക്കുന്നതായി പരാതി. മാര്‍ക്കറ്റില്‍ റവന്യൂ  പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തി. വിലകൂട്ടി വില്‍ക്കുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി സബ് കളക്ടര്‍ അറിയിച്ചു. എന്നാല്‍ തമിഴ്‌നാട്ടില്‍ മൊത്തവ്യാപാരികള്‍ വില വര്‍ധിപ്പിച്ചതാണ് പച്ചക്കറിക്ക് വിലകൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ലോക് ഡൗണിന് ശേഷം മൂന്നാര്‍ മാര്‍ക്കറ്റില്‍ പെട്ടന്ന് പച്ചക്കറി വില ഉയര്‍ന്നതിനെതിരേ നാട്ടുകാര്‍ സബ്കളക്ടറോടടക്കം പരാതിപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നാര്‍ ഡിവൈഎസ്പിയുടേയും തഹസില്‍ദാരുടേയും സംഘം മൂന്നാര്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന നടത്തിയത്. വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന മുഴുവന്‍ സാധനങ്ങളുടേയും വിലവിവര പട്ടിക നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശം നല്‍കി. 

ഇതോടൊപ്പം വില നിയന്ത്രിക്കുന്നതിനും അമിതവില ഈടാക്കുന്നുണ്ടോയെന്ന് അറിയുന്നതിനുമായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു. മൂന്നാറിലെ കച്ചവടക്കാര്‍ തമിഴ്നാട്ടിലെ മധുര, ഉടുമല തുടങ്ങിയ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് ഇവിടേയ്ക്ക് പച്ചക്കറി എത്തിക്കുന്നത്. 

തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാര്‍ വില വര്‍ദ്ധിപ്പിച്ചതാണ് വില ഉയരാന്‍ കാരണമെന്നും തങ്ങള്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും മൂന്നാറിലെ വ്യാപാരികളും പറയുന്നു. ഇടുക്കി ജില്ലയിലേയ്ക്ക് ഭൂരിഭാഗം പച്ചക്കറിയും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുമാണ്. നിലവില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും വന്‍ ലാഭക്കൊയ്ത്ത് നടത്തുന്നതിന്റെ ഭാഗമാണ് വിലക്കയറ്റമെന്നും സര്‍ക്കാര്‍ വിഷയത്തില്‍  ഇടപെടണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.
 

click me!