
ഇടുക്കി: ഓണക്കാലത്ത് തോട്ടം മേഖലയിൽ വിതരണം ചെയ്യാന്‍ സൂക്ഷിച്ചു വച്ചിരുന്ന സ്പിരിറ്റ് ശേഖരം കണ്ടെത്തി. മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ പൊന്തക്കാടിനുള്ളിൽ സൂക്ഷിച്ചിരുന്ന അറുനൂറ് ലിറ്ററോളം വരുന്ന സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചതിന് നയമക്കാട് എസ്റ്റേറ്റ് സ്വദേശിയായ പ്രഭാകരനെ പ്രതി ചേർത്ത് എക്സൈസ് സംഘം കേസെടുത്തു.
മുപ്പത് ലിറ്ററിന്റെ ഇരുപതു കന്നാസുകളിലായാണ് ഇത് സൂക്ഷിച്ചു വച്ചിരുന്നത്. പെട്ടെന്ന് കണ്ടു പിടിക്കുവാൻ സാധിക്കാത്ത വിധത്തിൽ പുഴയോട് ചേർന്നുള്ള പൊന്തക്കാട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എക്സൈസിന്റെ പതിവു പരിശോധനകൾക്കിടയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയത്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ സൂക്ഷിച്ചു വച്ചിരുന്ന സ്പിരിറ്റ് കൂടാതെ നിരവധി ഒഴിഞ്ഞ കന്നാസുകളും കണ്ടെത്തി.
ഓണക്കാലമെത്തിയതോടെ തോട്ടം മേഖലയിൽ സ്പിരിറ്റ് ലോബികൾ സജീവമായിട്ടുണ്ട്. ലോബികൾ ശക്തമായതോടെ എക്സൈസ് സംഘം പരിശോധനകൾ ശക്തമാക്കി. എക്‌സൈസിന്‍റെ ഷാഡോ വിഭാഗവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോമി ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഇൻസ്പെക്ടർമാരായ ബിജു ജോസഫ്, വി.പി.സുരേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ നെബു, ബിജു മാത്യു, കുര്യൻ ജെ.യു, ജോസഫ് കെ.പി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്ത സംഘാംഗങ്ങൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam