
ഇടുക്കി: മൂന്നാറില്‍ നീലവസന്തം തീര്‍ത്ത് ജക്രാന്തയുടെ വസന്തകാലം. തെയിലക്കാടുകള്‍ക്കിടയിലും വഴിയോരങ്ങളിലും തണല്‍ വിരിച്ച് പൂത്തുനില്‍ക്കുന്ന ജക്രാന്തകള്‍ പ്രകൃതി മനോഹാരിതയുടെ ദൃശ്യവിരുന്നാണ് സന്ദർശകർക്ക് പകര്‍ന്നു നല്‍കുന്നത്.
കത്തിനില്‍ക്കുന്ന വേനലില്‍ എല്ലാം കരിഞ്ഞുണങ്ങുമ്പോളാണ് വസന്തത്തിന്റെ വിസ്മയ കാഴ്ചയൊരുക്കി ജക്രാന്തകള്‍ പൂത്തുനില്‍ക്കുന്നത്. മൂന്നാറിലെ തെയിലക്കാടുകള്‍ക്കിടയില്‍ നീലവരയിട്ട് ജാലകങ്ങളെന്ന കവിഭാവനപോലെ നീലവാകകള്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. ബിഗ്നേഷ്യ ഗണത്തില്‍പെട്ട ആരാമ വൃക്ഷത്തിന്റെ സ്വദേശം അമേരിക്കയാണ്.
ഏറ്റവും കൂടുതല്‍ ചുടനുഭവപ്പെടുന്ന ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് നീലവാകയെന്നറിയപ്പെടുന്ന ജക്രാന്തയുടെ വസസന്തകാലം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജക്രാന്തകളുള്ളത് മൂന്നാര്‍, മറയൂര്‍, ദേവികുളം എന്നിവടങ്ങളിലാണ്. ഔഷധ കൂട്ടുകളിലും ജക്രാന്ത പൂക്കളെ ഉപയോഗിച്ചിരുന്നതായും പഴമക്കാര്‍ പറയുന്നു.
കത്തുന്ന വേനലില്‍ മൂന്നാറിന്റെ കുളിരുതേടിയെത്തുന്ന സന്ദർശകർക്ക് വിസമയ കാഴ്ചകൂടിയാണ് പൂത്തുലഞ്ഞ് നില്‍ക്കുന്ന ജക്രാന്തകള്‍. ജക്രാന്തകള്‍കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരം ജക്രാന്ത സിറ്റിയെന്നാണ് അറിയപ്പെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam