ബിസ്കറ്റോ ബ്രഡോ കിട്ടുമെന്ന് കരുതി ഓടിച്ചെന്നതാവാം, കിട്ടിയത് കശേരുക്കള്‍ തകര്‍ത്ത വെടിയുണ്ടകള്‍; വൈറലായി കുറിപ്പ്

By Web TeamFirst Published Aug 23, 2019, 9:19 AM IST
Highlights

ആക്ടീവ പോലെ തോന്നിക്കുന്ന ഒരു സ്കൂട്ടറിന് മുന്നില്‍ ചെറിയ കുട്ടിയുമായി എത്തുന്ന ഒരാളാണ് ഈ ക്രൂരത ചെയ്യുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അടിയന്തരമായി ഇത് ചെയ്തയാളെ കണ്ടെത്തേണ്ടത് ക്രിമിനലായ പിതാവില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്നതിനും ആവശ്യമാണ്. 

പൂജപ്പുര: തെരുവ് നായകള്‍ക്കെതിരായ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് സാഹിത്യകാരിയും വിവര്‍ത്തകയുമായ ശ്രീദേവി എസ് കര്‍ത്തയുടെ കുറിപ്പ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുരയില്‍ തെരുവ് നായയ്ക്കെതിരെ അ‍ജ്ഞാതര്‍ വെടിവച്ചിരുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പില്‍ നായയുടെ കശേരുക്കള്‍ തകര്‍ത്തിരുന്നു. ദിവസങ്ങളായി പട്ടിണി കിടക്കുന്ന നായ നട്ടെല്ലില്‍ തുളഞ്ഞുകയറിയ പെല്ലെറ്റുമായി ശിഷ്ടകാലം ഇഴഞ്ഞ് ജീവിക്കേണ്ടി വരുമെന്ന് ശ്രീദേവി എസ് കര്‍ത്ത വ്യക്തമാക്കുന്നു.

തുളച്ച് കയറിയ ഒരു പെല്ലറ്റ് മാത്രമാണ് എടുത്ത് കളയാന്‍ കഴിയുന്ന നിലയിലുള്ളതെന്നും ശ്രീദേവി വിശദമാക്കുന്നു. ആക്ടീവ പോലെ തോന്നിക്കുന്ന ഒരു സ്കൂട്ടറിന് മുന്നില്‍ ചെറിയ കുട്ടിയുമായി എത്തുന്ന ഒരാളാണ് ഈ ക്രൂരത ചെയ്യുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നതെന്ന് ശ്രീദേവി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എന്നും കുട്ടിയ്ക്ക് വെടിവയ്ക്കുന്നതിന് പരിശീലനം നല്‍കുന്നുണ്ടെന്നാണ് വിവരമെന്നും കുറിപ്പ് വ്യക്തമാക്കുന്നു. 

ജീവികളെ കൊല്ലാന്‍ വേണ്ടിയുള്ള പരിശീനമാണ് കുട്ടിക്ക് പിതാവില്‍ നിന്ന് ലഭിക്കുന്നതെന്ന് ശ്രീദേവി ആരോപിക്കുന്നു. അടിയന്തരമായി ഇത് ചെയ്തയാളെ കണ്ടെത്തേണ്ടത് ക്രിമിനലായ പിതാവില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്നതിനും ആവശ്യമാണെന്ന് ശ്രീദേവി പറയുന്നു. 

കിളികളെയും മൃഗങ്ങളെയും വേണമെങ്കില്‍ ക്ലോസ് റേഞ്ചില്‍ മനുഷ്യരേയും അപായപ്പെടുത്താനും കൊല്ലുവാനും സാധിക്കുന്ന എയര്‍ ഗണ്ണുകള്‍ ലഭിക്കാന്‍ പ്രയാസമില്ല. ഇവ ഓണ്‍ലൈനില്‍ ധാരാളമായി ലഭിക്കുകയും ചെയ്യും. നായ്ക്കള്‍ക്ക് മേല്‍ പരിശീലനം നടത്തുന്നത് എന്ത് ഉദ്ദേശത്തിലുമാകാം. അത് തെളിയിക്കേണ്ടത്  പൊലീസാണ്. മറ്റു ജീവികളെ ദ്രോഹിക്കാനായി മാത്രം മനുഷ്യൻ കൈവശം വയ്ക്കുന്ന ഈ ആയുധം പ്രയോഗിക്കുന്നതിൽ എന്തെങ്കിലും കർശനമായ വ്യവസ്ഥ അടിയന്തിരമായി ഉണ്ടാവേണ്ടതാണെന്ന് ശ്രീദേവി ആവശ്യപ്പെടുന്നു. 

പാലക്കാട് കുളപ്പുളളിയിൽ ഒരേ രീതിയിലുളള മുറിവുകളുമായി ഏഴ് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വെടിയേറ്റതിന് സമാനമായി വയറിൽ തുളവീണ നിലയിലായിരുന്നു നായ്ക്കളുടെ ജഡം കണ്ടെത്തിയത്. 

ശ്രീദേവി എസ് കര്‍ത്തയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

വിളിച്ചപ്പോൾ ഓടിച്ചെന്നത് ഒരു കഷ്ണം ബിസ്‌ക്കറ്റൊ ബ്രെഡോ കിട്ടുമെന്നോർത്താവാം 
കിട്ടിയത് അതിവേഗതയിൽ വന്ന മൂന്നു വെടിയുണ്ടകളാണ് .ഇടതു നെഞ്ചിൽ മൂന്നു തുളകൾ .ഒരു പെല്ലറ്റ് നട്ടെല്ല് തുളച്ചു .മറ്റു രണ്ടെണ്ണം കശേരുക്കളും . ഇനി അരയ്ക്ക് താഴേക്കു അനങ്ങില്ല .ഒന്നുമറിയില്ല ..
ഇന്ന് രാവിലെ PFA സെക്രട്ടറി Lata  യ്ക്ക് വന്ന ഫോൺ സന്ദേശം ഇങ്ങിനെയായിരുന്നു തിരുവനന്തപുരം പൂജപ്പുര ചാടിയറയിൽ residential lane ൽ ഒരു നായയെ ആരോ എയർ ഗൺ ഉപയോഗിച്ചു വെടി വച്ചിട്ടിരിക്കുന്നു .നായ വേദന സഹിക്കാതെ ഇഴഞ്ഞു നടക്കുന്നു ..അറിഞ്ഞയുടൻ PFA റെസ്ക്യൂ ടീം നായയെ PMG വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു .Dr. Suman Somanന്റെ ന്റെ വിശദമായ പരിശോധനയിൽ "An x ray radiograph revealed 3radio opaque material which may be metal pellets of air gun shot,one over the dorsal neck region ,2over spinal canal area at a distance of 6cm apart.,...caused ..by an object at extreme speed which may be due to air gun shot"എന്ന് രേഖപെടുത്തുന്നു ..ഈ മൂന്നു പെല്ലറ്റ്റുകളിൽ ഒരെണ്ണം മാത്രമാണ് എടുത്തു മാറ്റാൻ കഴിയുന്ന അവസ്ഥയിലുള്ളത് .പക്ഷെ ദിവസങ്ങളായി പട്ടിണി കിടന്ന് വയറൊട്ടിയ നായക്ക് ഒരു സർജറി താങ്ങാനുള്ള ആരോഗ്യം ഇല്ല എന്ന് രക്ത പരിശോധനയിൽ തെളിഞ്ഞത് കൊണ്ട് അരയ്ക്ക് താഴെ തളർന്ന നായ ,നട്ടെല്ലിൽ തുളഞ്ഞിരിക്കുന്ന പെല്ലെറ്റുകളുമായി ശേഷ കാലം ജീവിക്കേണ്ടി വരും ..ഭാഗ്യമുണ്ടെങ്കിൽ മരിക്കും 

നായയുടെ വിവരം അറിയിച്ച ചാടിയറ സ്വദേശി രാഹുലും സമീപവാസികളും പറയുന്നത് കഴിഞ്ഞ മാസവും നായകൾക്കെതിരെ ഇത്തരം ആക്രമണം നടന്നുവെന്നാണ് .ഏറ്റവും ഞെട്ടിക്കുന്ന കാര്യം ആക്ടിവ പോലെ തോന്നിക്കുന്ന ഒരു സ്കൂട്ടറിന്റെ മുൻപിൽ ഒരു ചെറിയ കുട്ടിയെയും കൊണ്ട് വരുന്ന ഒരാളാണ് ഈ ക്രൂരത ചെയ്യുന്നത് എന്നും കുട്ടിയെ കൊണ്ട് വെടി വെയ്പ്പിക്കുന്നുണ്ട് എന്നുമാണ് ..എന്ന് വച്ചാൽ കൊല്ലാൻ ആരോ കുട്ടിയെ പരിശീലിപ്പിക്കുന്നു എന്ന് .ജീവികളുടെ സുരക്ഷിതത്വം മാത്രമല്ല ഈ കുട്ടിയെ ആ ക്രിമിനൽ പിതാവിൽ നിന്നു രക്ഷിക്കാൻ വേണ്ടിയും അടിയന്തിരമായി ഇത് ചെയ്യുന്ന ആളെ കണ്ടെത്തേണ്ടതാണ് .എല്ലാ വിവരങ്ങളും കാണിച്ചു People For Animals പൂജപ്പുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് .ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകൾ ആർക്കെങ്കിലും തരാൻ ഉണ്ടെങ്കിൽ പൂജപ്പുര പോലീസ് സ്റ്റേഷനിൽ ബന്ധപെടുക .

കിളികളെയും മൃഗങ്ങളെയും വേണമെങ്കിൽ ക്ളോസ് റേഞ്ചിൽ മനുഷ്യരെയും അപായപ്പെടുത്തുവാനും കൊല്ലുവാനും കഴിയുന്ന എയർ ഗണ്ണുകൾ കിട്ടാൻ ഒരു പ്രയാസവുമില്ല .കേരളത്തിൽ അതിനു ലൈസൻസ് വേണമെങ്കിലും ഇല്ലെങ്കിലും ഓൺലൈനിൽ ആർക്കും ഓര്ഡര് ചെയ്യാവുന്ന അവസ്ഥയാണ് .മറ്റു ജീവികളെ ദ്രോഹിക്കാനായി മാത്രം മനുഷ്യൻ കൈവശം വയ്ക്കുന്ന ഈ ആയുധം പ്രയോഗിക്കുന്നതിൽ എന്തെങ്കിലും കർശനമായ വ്യവസ്ഥ അടിയന്തിരമായി ഉണ്ടാവേണ്ടതാണ്

പോലീസിന്റെ നിരീക്ഷണത്തിലാണ് ഈ കേസ് .നായയ്ക്ക് മേൽ പരിശീലനം നടത്തുന്നത് ആരുമാകാം .എന്ത് ഉദ്ദേശത്തിലുമാകാം .അത് തെളിയിക്കേണ്ടത് പോലീസും നിയമവുമാണ്.വ്യക്തമായി അറിയുന്നത് വരെ ഈ സംഭവത്തെ ഒരു രാഷ്ട്രീയ/വർഗീയ സംഘടനയും മറ്റൊന്നിനു നേരെ വിരൽ ചൂണ്ടാൻ ദുരുപയോഗം ചെയ്യരുത് .

നായയെ ഞങ്ങൾ "വീരൻ "എന്ന് വിളിക്കുന്നു .ഒരു നാടൻ തെരുവ് നായയുടെ എല്ലാ സഹന ശക്തിയും അതിജീവന ത്വരയും അവൻ കാണിക്കുന്നു ണ്ട് .ഇപ്പോൾ വീരൻ PFA ഷെൽറ്ററിൽ ചികിത്സയിലാണ് .അവൻ നടത്തുന്ന യുദ്ധത്തിന് സഹായമായി ,വേദന അവസാനിച്ചു കിട്ടാൻ , ഒരു ശുഭ ചിന്ത നേരുക 

click me!