ലക്ഷ്യം ടൂറിസം മേഖലയുടെ പുത്തനുണര്‍വ്വ്; സൈക്കിളില്‍ കശ്മീരിലേക്കുള്ള യാത്ര തുടങ്ങി ശ്രീജിത്ത്

By Web TeamFirst Published Jul 2, 2021, 11:28 PM IST
Highlights

120 ദിവസം കൊണ്ട്‌ 4,000 കിലോമീറ്റര്‍ സഞ്ചരിച്ച്‌ കശ്‌മീരിലെത്താനാണ്‌ ലക്ഷ്യമിടുന്നത്‌. ഒരു ദിവസം 100 കിലോമീറ്റര്‍ യാത്രയാണ് ഉദ്ദേശിച്ചിട്ടുള്ളത്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച്‌ ടെന്‍റ് കെട്ടി താമസത്തിനായി സൗകര്യമൊരുക്കും

ചേര്‍ത്തല: വിവിധ നാടുകളിലെ വൈവിധ്യങ്ങളെ തൊട്ടറിയാന്‍ സൈക്കിളില്‍ കശ്‌മീര്‍ യാത്രയ്ക്ക് തുടക്കമിട്ട്  ആലപ്പുഴക്കാരനായ എംബിഎ ബിരുദധാരി. പട്ടണക്കാട്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ പാറയില്‍ കുരിയന്‍ചിറയില്‍ കെ എന്‍ തമ്പിയുടെ മകന്‍ ടി കെ ശ്രീജിത്ത് (28) ആണ്‌ സാഹസിക യാത്ര ആരംഭിച്ചിരിക്കുന്നത്.

120 ദിവസം കൊണ്ട്‌ 4,000 കിലോമീറ്റര്‍ സഞ്ചരിച്ച്‌ കശ്‌മീരിലെത്താനാണ്‌ ലക്ഷ്യമിടുന്നത്‌. ഒരു ദിവസം 100 കിലോമീറ്റര്‍ യാത്രയാണ് ഉദ്ദേശിച്ചിട്ടുള്ളത്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച്‌ ടെന്‍റ് കെട്ടി താമസത്തിനായി സൗകര്യമൊരുക്കും. നിശ്ചിത ഇടവേളകളില്‍ ഹോട്ടലില്‍ മുറിയെടുത്ത്‌ വസ്‌ത്രങ്ങളടക്കം വൃത്തിയാക്കും. ഗ്യാസ്‌ സിലിണ്ടര്‍, സ്റ്റൗ, പാത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍, വസ്‌ത്രങ്ങള്‍, സൈക്കിളിന്‍റെ അറ്റകുറ്റപ്പണിക്കുള്ള സാമഗ്രികളടക്കം 40 കിലോ സാധനങ്ങളാണ്‌ കൈയില്‍ കരുതിയിട്ടുള്ളത്‌.

ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ശ്രീജിത്ത്‌ ചെറിയ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും സൈക്കിളില്‍ ദീഘദൂര യാത്ര നടത്തുന്നത്‌ ആദ്യമാണ്‌. കൊവിഡ്‌ പ്രതിസന്ധിയിലാക്കിയ ടൂറിസം മേഖലയെ ഉണര്‍ത്തുകയാണ്‌ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നു ശ്രീജിത്ത്‌ പറഞ്ഞു.

click me!