
മാന്നാര്‍: ജൈവപച്ചക്കറി കൃഷിയില്‍ നൂറുമേനി കൊയ്ത് മാന്നാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് കുരട്ടിക്കാട് കുന്നക്കല്‍ വീട്ടില്‍ ശ്രീലാൽ. ചെന്നിത്തല മഹാത്മാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ശ്രീലാലിന്റ തോട്ടത്തില്‍ വെള്ളരി, തക്കാളി, വെണ്ട, പയര്‍, മുളക്, ചീര തുടങ്ങി എല്ലാ പച്ചക്കറി കൃഷികളും ചെയ്യുന്നുണ്ട്. കാച്ചിലും ചേനയും ചേമ്പും എല്ലാം പടര്‍ന്നു പന്തലിച്ച് നില്‍ക്കുകയാണ്. ഏത്തന്‍, കൂമ്പില്ലാകണ്ണന്‍, ചെങ്കദളി തുടങ്ങിയ വാഴകളും കുലച്ച് നില്‍പുണ്ട്.
ശ്രീലാലിന്റെ വീട്ടില്‍ ചെല്ലുന്ന ഏതൊരാളുടേയും മനസ്സുകുളിര്‍ക്കുന്ന കാഴ്ചയാണ് വീടും പരിസരവും നല്‍കുന്നത്. കൃഷിയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കിക്കൊണ്ട് ചെന്നിത്തല മഹാത്മാ സ്‌കൂളിലും ചെറിയതോതില്‍ കൃഷിത്തോട്ടം ഒരുക്കി വരികയാണു ശ്രീലാല്‍. സ്‌കൂളിന്റെ പരിസരത്ത് തക്കാളിയും മുളകും മറ്റും ഗ്രോബാഗുകളില്‍ വിളവെടുപ്പിനു തയ്യാറാകുന്നു. വിവിധ തരത്തിലുള്ള വാഴകളാലും സമൃദ്ധമാണു സ്‌കൂള്‍ പരിസരം.
വേനല്‍ കടുത്തതോടെ കഠിനമായ ജലക്ഷാമം നേരിടുന്നുണ്ടെങ്കിലും സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹപ്രവര്‍ത്തകരുടെയും പരിപൂര്‍ണ്ണ സഹകരണത്തോടെ അവയൊക്കെ തരണം ചെയ്യാന്‍ ഈ യുവകര്‍ഷകനു കഴിയുന്നു. വിഷുവിന് വിഷുക്കണി ഒരുക്കുവാന്‍ വെള്ളരിയുടെ വിളവെടുപ്പു നടത്തുന്ന തിരക്കിലാണ് ശ്രീലാല്‍ ഇപ്പോള്‍.
പ്രളയത്തില്‍ സമീപത്തുള്ള വയലില്‍ നിന്നും വെള്ളം കയറി ഇഞ്ചി കൃഷി പൂര്‍ണ്ണമായും നശിച്ച് പോയിരുന്നു. പിതാവ് റിട്ട: മിലിട്ടറി ഉദ്യോഗസ്ഥന്‍ ശ്രീധരന്‍പിള്ളയില്‍ നിന്നും പകര്‍ന്നു കിട്ടിയതാണു കൃഷിയോടുള്ള ശ്രീലാലിന്റെ അഭിനിവേശം. മാന്നാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അധ്യാപിക പരേതയായ രത്‌നമ്മാള്‍ ആണു മാതാവ്. ഭാര്യ: സൗമ്യ പ്രേംകുമാര്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി ചെയ്യുന്നു. രണ്ട് ആണ്‍ മക്കളാണു ശ്രീലാലിനുള്ളത്. മൂത്തമകന്‍ ഋഷികേശ് മൂന്നാം ക്ലാസിലും ഇളയമകന്‍ ശ്രീപത്മനാഭന്‍ നഴ്‌സറി ക്ലാസിലും പഠിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam