മലപ്പുറത്ത് മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഒടുവില്‍ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി

By Web TeamFirst Published Mar 23, 2019, 9:22 PM IST
Highlights

ഭൂമി തന്റെ പേരിലാണെന്നും മൃതദേഹം ഇവിടെ മറവ് ചെയ്യാനാവില്ലെന്നും കോട്ടത്തടം സ്വദേശിയായ സാദിഖ് എന്നയാള്‍ അവകാശപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. 
 

മലപ്പുറം: കൊണ്ടോട്ടിക്ക് സമീപം കുഴിമണ്ണയില്‍ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പ്രദേശവാസിയുമായുള്ള തര്‍ക്കത്തിനൊടുവില്‍, ബന്ധുക്കള്‍ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് മടങ്ങി.

കുഴിമണ്ണ പുല്ലഞ്ചേരി കോളനിയിലെ കണ്ണൻകുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം സംസ്കരിക്കാനായി ഉച്ചക്ക് ഒരു മണിയോടെ സമീപപ്രദേശമായ കോട്ടത്തടത്തെത്തിച്ചു. എന്നാല്‍ ഈ ഭൂമി തന്റെ പേരിലാണെന്നും മൃതദേഹം ഇവിടെ മറവ് ചെയ്യാനാവില്ലെന്നും കോട്ടത്തടം സ്വദേശിയായ സാദിഖ് എന്നയാള്‍ അവകാശപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. 

തുടര്‍ന്ന് സാദിഖ് പൊലീസിന്‍റെ സഹായം തേടി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും ഹാജരാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ഇവിടെയാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തിരുന്നതെന്ന് പുല്ലഞ്ചേരി കോളനിക്കാരും വാദിച്ചു. എന്നാല്‍ ഭൂമിയുടെ അവകാശം വ്യക്തമാക്കുന്ന രേഖകളുണ്ടായിരുന്നുമില്ല. കുഴികുത്താൻ തുടങ്ങിയ ബന്ധുക്കളെ ഇതോടെ പൊലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. 

ഒടുവില്‍ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ തിരികെ പോയി. മൂന്ന് മണിക്കൂറിലേറെ വഴിയരികില്‍ കിടന്ന മൃതദേഹത്തെ പൊലീസ് ഇടപെട്ട് മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്‍റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കണ്ണൻകുട്ടിയുടെ ബന്ധുക്കളായ 19 പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

click me!