
പാലക്കയം: ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി വാങ്ങി തുടങ്ങിയതായി പാലക്കയം വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്‍റെ മൊഴി. 2001 ൽ അട്ടപ്പാടി പാടവയൽ വില്ലേജ് ഓഫീസിൽ ജോലിയ്ക്ക് കയറി രണ്ടാം ദിവസം കൈക്കൂലിയായി കിട്ടിയത് 500 രൂപയാണ്. സ്ഥലമളക്കാൻ മേലുദ്യോഗസ്ഥനൊപ്പം പോയപ്പോഴാണ് കൈക്കൂലി വിഹിതം കിട്ടിയത്.
പിറ്റേ ദിവസവും 500 രൂപ കിട്ടിയപ്പോൾ കൈക്കൂലി പ്രധാന ലക്ഷ്യമായെന്നും സുരേഷ് കുമാർ വിജിലൻസിന് നൽകിയ മൊഴിയിലുണ്ട് .ഇങ്ങനെ കൈക്കൂലി വഴി മാസം ചുരുങ്ങിയത് 40,000 രൂപ വരെ ഉണ്ടാക്കാറുണ്ടെന്നും മൊഴിയുണ്ട്. കൈക്കൂലി കേസിൽ അറസ്റ്റിലായ സുരേഷ് കുമാർ നിലവില്‍ റിമാൻറിലാണ്. 3 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി സുരേഷ് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
ആവശ്യമായ രേഖകൾ നൽകുന്നതിന് പലരിൽ നിന്നായി 5000 രൂപ മുതൽ 40,000 രൂപ വരെയാണ് സുരേഷ് കുമാർ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. റീ ബിൽഡ് കേരളയുടെ മറവിലും സുരേഷ് കുമാര്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിരുന്നു. മലയോര മേഖലയിൽ അതിവൃഷ്ടിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് പരിധിയിലെ വട്ടപ്പാറ, അച്ചിലട്ടി, കുണ്ടപ്പൊട്ടി ഭാഗങ്ങളിൽ മാത്രം 46 പേർക്കാണ് റീ ബിൽഡ് കേരളയിൽ സഹായം ലഭിച്ചത്.
ഈ തുക ലഭിക്കാൻ പൊസഷൻ സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് തുടങ്ങിയ ആവശ്യമായ രേഖകൾ കിട്ടാൻ ദിവസങ്ങളോളമാണ് പലരും വില്ലേജ് ഓഫീസ് കയറിയിറങ്ങിയത്. ഇതിന് പലരിൽ നിന്നായി 5000 രൂപ മുതൽ 40,000 രൂപ വരെയാണ് സുരേഷ് കുമാർ കണക്ക് പറഞ്ഞ് എണ്ണി വാങ്ങിയതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക വിവരം. മന്ത്രിയുടെ അദാലത്തിനിടെ 2500രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാര്‍ പിടിയിലായത്. തുടർന്ന് നടത്തിയ റെയ്ഡിലാണ് കൈക്കൂലി വാങ്ങിയ പണവും മറ്റ് വസ്തുക്കളും കണ്ടെടുത്തത്. ലോഡ്ജിലെ മുറിയില്‍ നിന്ന് ഏകദേശം ഒരു കോടിയോളം രൂപയാണ് റെയ്ഡില്‍ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam