
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ രണ്ടാനമ്മ ക്രൂരമായി മര്‍ദിച്ചതായി പരാതി. അധ്യാപിക കൂടിയായ രണ്ടാനമ്മയ്ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. എഫ്ഐആർ ഇട്ടതിന് പിന്നാലെ രണ്ടാനമ്മ ഒളിവിലാണ്.
ഒന്നര വയസുള്ളപ്പോൾ കുട്ടിയുടെ സ്വന്തം അമ്മ മരിച്ചു. പിന്നീട് അമ്മയുടെ അച്ഛൻ്റെ വീട്ടിലും സ്വന്തം അച്ഛൻ്റെ വീട്ടിലുമായിട്ടായിരുന്നു ആറ് വയസുകാരൻ്റെ താമസം. അച്ഛന് വിദേശത്ത് ജോലി ആയതിനാൽ, രണ്ടാനമ്മയ്ക്കൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ഇടയ്ക്ക് കുഞ്ഞിൻ്റെ അമ്മയുടെ ബന്ധുക്കൾ കുട്ടിയെ കാണാൻ വരാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ നാലിന് മുത്തച്ഛൻ കുഞ്ഞിനെ കാണാൻ സ്കൂളിലെത്തിയപ്പോഴാണ് ശരീരത്തിലെ പരിക്കുകൾ ശ്രദ്ധിച്ചത്. പിന്നാലെ ചൈൽഡ് ലൈനിൽ ഉൾപ്പെടെ പരാതി നൽകുകയായിരുന്നു. ആരോപണം പരിശോധിച്ച ചൈൽഡ് ലൈൻ കുട്ടി മര്‍ദ്ദനത്തിന് ഇരയായതായി കണ്ടെത്തി.
പിന്നാലെ നിയമനടപടികൾ തുടരാൻ പെരിന്തൽമണ്ണ പൊലീസിന് റിപ്പോര്‍ട്ട് കൈമാറി. ഇതിനെ അടിസ്ഥാനമാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു. കേസെടുത്തതിന് തൊട്ടുപിന്നാലെ രണ്ടാനമ്മ ഒളിവിൽ പോയി. നിലമ്പൂര്‍ വടപുറം സ്വദേശിയാണ് രണ്ടാനമ്മ. നേരത്തെ എയ്ഡഡ് സ്കൂളിൽ അധ്യാപികയായിരുന്നു കുഞ്ഞിൻ്റെ സ്വന്തം അമ്മ. അവര്‍ അര്‍ബുദം ബാധിച്ചു മരിച്ചു. പിന്നാലെ വന്ന ഒഴിവിലാണ് രണ്ടാനമ്മ അധ്യാപികയായി കയറിയത്. പുതിയ സാഹചര്യത്തിൽ കുഞ്ഞിൻ്റെ സംരക്ഷണം മുത്തച്ഛനും മുത്തശ്ശിക്കും മലപ്പുറം കുടുംബ കോടതി കൈമാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam